കോഴിവില പറപ്പിച്ച് ഇടനിലക്കാർ

Friday 19 September 2025 1:40 AM IST

കോട്ടയം: കുഞ്ഞിനും തീറ്റയ്ക്കും വില കൂടിയില്ല. പക്ഷേ, ഓരോ ദിവസം ചെല്ലുംതോറും ഇറച്ചിക്കോഴിക്ക് നാലും അഞ്ചും രൂപ കൂടുകയാണ്. 148 മുതൽ 159 രൂപയായി ഇപ്പോൾ ചില്ലറവില. ഇടനിലക്കാർ ആവശ്യമില്ലാതെ വിലകൂട്ടുകയാണ്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

115 -120 രൂപയിൽ നിന്നാണ് രണ്ടാഴ്ച കൊണ്ട് വില കുതിച്ചു കയറിയത്. വില കൂടിയതോടെ വിൽപ്പനയിൽ 50 ശതമാനത്തിന്റെ കുറവുണ്ടായതായി വ്യാപാരികൾ പറയുന്നു. ഉത്പാദനം കുറഞ്ഞെന്ന പേരിലാണ് ഇപ്പോഴത്തെ വർദ്ധനവ്. എന്നാൽ അതിനുള്ള സാഹചര്യങ്ങളൊന്നുമില്ല.

ഓണത്തിനൊപ്പം കല്യാണം, വീടിന്റെ പാലുകാച്ചൽ ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെയും കാലമായതിനാൽ ചിക്കന് ഡിമാന്റേറി. ഇപ്പോൾ ജില്ലയിലെ കടകകളിലെത്തുന്ന ചിക്കൻ ഭൂരിഭാഗവും ജില്ലയിലെയും സമീപ ജില്ലകളിലെയും കർഷകർ ഉത്പാദിപ്പിക്കുന്നതാണ്. സാധാരണ രീതി അനുസരിച്ച്, ചിങ്ങം അവസാനിക്കുമ്പോൾ വില 100 രൂപയിലേക്ക് എത്തേണ്ടതായിരുന്നുവെന്നു വ്യാപാരികൾ പറയുന്നു. മുൻ മാസങ്ങളിൽ വളർത്തുന്നവർക്കു ഒരു കിലോയ്ക്ക് 10 രൂപ പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു. അവസരം വന്നപ്പോൾ, വളർത്തുന്നവർ മനപൂർവം വില ഉയർത്തുകയാണെന്ന ആക്ഷേപവും ഒരു വിഭാഗം വ്യാപാരികൾക്കുണ്ട്. ഒരാഴ്ച കൂടി വില ഉയരുന്ന സാഹചര്യമാണെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ചിക്കൻ മർച്ചന്റ് അസോസിയേഷന്റെ തീരുമാനം.

 കഷ്ടത്തിലായി കുടുംബങ്ങൾ വിൽപ്പന കുറഞ്ഞത് ഇറച്ചിക്കോഴി വിൽപ്പനയെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കും. ജില്ലയിൽ 5000 ത്തോളം ഓളം ഇറച്ചിക്കോഴി വ്യാപാകരികളുണ്ട്