ഹെപ്പറ്റൈറ്റിസ് എ: ജാഗ്രത വേണം

Friday 19 September 2025 1:41 AM IST

ഇതുവരെ ജില്ലയിൽ 583 കേസുകൾ,​ 5 മരണം

തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ

കോട്ടയം: ജില്ലയിൽ ഈ വർഷം ഇതുവരെ അഞ്ചു മരണവും ആകെ 583 കേസുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽകം ഡ്രിങ്കുകൾ,​ ചൂട് വെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നത് എന്നിവയും രോഗബാധയ്ക്ക് കാരണമാകും

പ്രതിരോധ മാർഗങ്ങൾ

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക

തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂട്ടിക്കലർത്തി ഉപയോഗിക്കരുത്

പുറത്തു പോകുമ്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതുക

ആഹാരം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്ന ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക

കിണറിന് ചുറ്റുമുള്ള പരിസരങ്ങളിൽ വൃത്തിഹീനമായ രീതിയിൽ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക

കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസ്സുകൾ സൂപ്പർ ക്ളോറിനേറ്റ് ചെയ്യുക

വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതള പാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക

പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക

രോഗബാധയുള്ള പ്രദേശങ്ങളിൽ സ്കൂളുകളിലും കോളേജുകളിലും ജോലി സ്ഥലങ്ങളിലും മറ്റും ഭക്ഷണവും വെള്ളവും പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.

ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതള പാനീയങ്ങളിൽ ഉപയോഗിക്കുക.