എയിംസ് വെളളൂരിൽ വേണമെന്ന് ആശ, സ്ഥലമില്ലെന്ന് മന്ത്രി രാജീവ്
തിരുവനന്തപുരം: കേരളത്തിന് എയിംസ് (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്) അനുവദിക്കുമ്പോൾ വെള്ളൂരിൽ സ്ഥാപിക്കണമെന്ന് സി.കെ.ആശ നിയമസഭയിൽ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിൽ നിന്ന് തിരിച്ചെടുത്ത 700 ഏക്കർ ഭൂമി അവിടെ ലഭ്യമാണെന്നും ആശ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മദ്ധ്യഭാഗത്താണ് ഈ പ്രദേശം. എല്ലാ ജില്ലകളിൽ നിന്നും എത്താൻ എളുപ്പമാണ്. റോഡ്, റെയിൽ, വിമാനത്താവള കണക്ടിവിറ്റിയുണ്ട്. ഒരാളെയും കുടിയൊഴിപ്പിക്കേണ്ടതില്ല- ആശ ചൂണ്ടിക്കാട്ടി. എന്നാൽ വെള്ളൂരിൽ എയിംസിനായി സ്ഥലം ലഭ്യമല്ലെന്ന് മന്ത്രി പി.രാജീവ് വിശദീകരിച്ചു. എച്ച്.എൻ.എല്ലിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിൽ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് പ്രവർത്തനം തുടങ്ങി. അടുത്ത ഘട്ട വികസനം ഉടൻ തുടങ്ങും. റബർ കമ്പനിയും അവിടെയാണ് വരുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ടാമതൊരു എയിംസിനായി ആവശ്യപ്പെട്ടുകൂടേ എന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ചോദ്യം. പതിറ്റാണ്ടുകളായി എയിംസിനായുള്ള ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്ജും പറഞ്ഞു.