ചാർലി കിർക്ക് വധം --- പരാമർശം വിവാദമായി, ജിമ്മി കിമ്മൽ ഷോ നിറുത്തി
വാഷിംഗ്ടൺ: യു.എസിൽ വലതുപക്ഷ രാഷ്ട്രീയ ആക്‌ടിവിസ്‌റ്റ് ചാർലി കിർക്കിന്റെ (31) കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ, 'ജിമ്മി കിമ്മൽ ലൈവ്" ടോക്ക് ഷോയുടെ സംപ്രേക്ഷണം നിറുത്തി എ.ബി.സി നെറ്റ്‌വർക്ക്. കിർക്കിന്റെ വധം രാഷ്ട്രീയവത്കരിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ തീവ്രമായി ശ്രമിക്കുന്നു എന്ന് പരിപാടിയുടെ അവതാരകൻ ജിമ്മി കിമ്മൽ പറഞ്ഞിരുന്നു. പിന്നാലെ കിമ്മലിനെതിരെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ അദ്ധ്യക്ഷൻ ബ്രണ്ടൻ കാർ രംഗത്തെത്തി.
ഷോ സംപ്രേക്ഷണം ചെയ്യുന്നത് നിറുത്തണമെന്ന് കാർ പ്രാദേശിക ബ്രോഡ്‌കാസ്റ്റർമാരോട് ആവശ്യപ്പെട്ടു. കമ്മിഷൻ അന്വേഷണം നടത്തുമെന്നും പിഴ ഈടാക്കുമെന്നും ഭീഷണിയും മുഴക്കി. ഇതോടെ നെക്‌സ്റ്റാർ,സിൻക്ലെയർ തുടങ്ങി നിരവധി ഗ്രൂപ്പുകൾ അവരുടെ പ്രാദേശിക എ.ബി.സി അനുബന്ധ ചാനലുകളിൽ ഷോയുടെ സംപ്രേക്ഷണം നിറുത്തുമെന്ന് പ്രഖ്യാപിച്ചു.
ഇതോടെ ഷോ അനിശ്ചിതകാലത്തേക്ക് നിറുത്തുകയാണെന്ന് എ.ബി.സിയും പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ കിമ്മൽ മാപ്പ് പറയണമെന്നും ആവശ്യം ഉയരുന്നുണ്ട്.
അതേസമയം,പരിപാടി നിറുത്തിയത് നല്ല കാര്യമാണെന്ന് ട്രംപ് പ്രതികരിച്ചു. യു.എസിൽ അഭിപ്രായ സ്വാതന്ത്ര്യം ആക്രമിക്കപ്പെടുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചു. ട്രംപിന്റെ വിമർശകനാണ് കിമ്മൽ.