ടെക് കരാറിൽ ഒപ്പിട്ട് യു.എസും യു.കെയും
ലണ്ടൻ: ടെക് കരാറിൽ ഒപ്പുവച്ച് യു.എസും യു.കെയും. ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറിന് ധാരണയായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ യു.എസും യു.കെയും സഹകരിക്കും. കൂടാതെ, യു.കെയിൽ വൻ നിക്ഷേപം നടത്താൻ അമേരിക്കൻ ടെക് കമ്പനികളും ധാരണയായി. മൈക്രോസോഫ്റ്റ് 22 ബില്യൺ പൗണ്ടിന്റെ നിക്ഷേപമാണ് നടത്തുക. മൈക്രോസോഫ്റ്റ് യു.എസിന് പുറത്ത് ആദ്യമായാണ് ഇത്രയും ഉയർന്ന നിക്ഷേപത്തിനൊരുങ്ങുന്നത്. എ.ഐ ഗവേഷണത്തിന് വരുന്ന രണ്ട് വർഷത്തിനുള്ളിൽ 5 ബില്യൺ പൗണ്ട് നിക്ഷേപിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ബ്രിട്ടനിലെ എ.ഐ പ്രവർത്തനങ്ങളെ സഹായിക്കാൻ കൂടുതൽ ഡേറ്റ സെന്ററുകൾ സ്ഥാപിക്കുന്നതിനായി കമ്പ്യൂട്ടർ ചിപ് നിർമ്മാതാക്കളായ എൻവിഡിയ 500 മില്യൺ പൗണ്ട് പ്രഖ്യാപിച്ചു. വിൻഡ്സർ കാസിലിൽ ചാൾസ് മൂന്നാമൻ രാജാവ് ഒരുക്കിയ വിരുന്നിൽ ട്രംപിനൊപ്പം ടെക് മേധാവിമാരായ ജെൻസെൻ ഹ്വാങ്ങ് (എൻവിഡിയ), സാം ആൾട്ട്മാൻ (ഓപ്പൺ എ.ഐ), സത്യ നാഥല്ല (മൈക്രോസോഫ്‌റ്റ്) തുടങ്ങിയവരും പങ്കെടുത്തിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച യു.കെയിലെത്തിയ ട്രംപും ഭാര്യ മെലാനിയയും ഇന്നലെ യു.എസിലേക്ക് മടങ്ങി.