കൂട്ട പ്രകൃതി വിരുദ്ധ പീഡന കേസ്; ഒരാൾകൂടി അറസ്റ്റിൽ
കാസർകോട്: ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദത്തിലായി പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇയാട് സ്വദേശി അജിലാൽ ആണ് അറസ്റ്റിലായത്. ഇനി മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്.
അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളി സി ഗിരീഷ് (50), ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി വി കെ സൈനുദ്ദീൻ (52), വെള്ളച്ചാൽ സ്വദേശി സുകേഷ് (30), പന്തൽ ജീവനക്കാരൻ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), വൾവക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി കെ അഫ്സൽ (23), ചീമേനിയിലെ ഷിജിത്ത് (36), പടന്നക്കാട്ടെ റംസാൻ (64),ചീമേനിയിലെ നാരായണൻ (60),പിലിക്കോട്ടെ ചിത്രരാജ് (48) എന്നിവർ നേരത്തെ പിടിയിലായിരുന്നു.
പ്രതികൾക്ക് സമാനമായ മറ്റ് കുറ്റകൃത്യങ്ങളുമായി മുമ്പ് ബന്ധമില്ലെന്നും ആരും ഇടനിലക്കാരായി പ്രവർത്തിച്ചിട്ടില്ലെന്നുമാണ് പൊലീസ് കണ്ടെത്തൽ. പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയാണ് ചന്തേര കൂട്ട പ്രകൃതിവിരുദ്ധ പീഡനത്തിലെ പ്രധാന തെളിവ്.
സംസ്ഥാനത്ത് ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത ആദ്യ സംഭവമാണിത്. ആപ്പിൽ പ്രവേശിക്കാൻ പൂർണമായ വ്യക്തിവിവരങ്ങളോ രേഖകളോ ആവശ്യമില്ല. മൊബൈൽ ഫോൺ കൈയിലുള്ള ആർക്കും ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് കയറാൻ പാകത്തിലാണ് ആപ്പ് സെറ്റ് ചെയ്തിരിക്കുന്നത്.18 വയസ് തികഞ്ഞതായി സ്വയം സാക്ഷ്യപ്പെടുത്തിയാൽ മാത്രം മതിയാകും.