റഷ്യയിൽ ശക്തമായ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തി, സുനാമിക്കും മുന്നറിയിപ്പ്

Friday 19 September 2025 9:47 AM IST

മോസ്‌ക്കോ: റഷ്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. കംചത്കയുടെ തലസ്ഥാനമായ പെട്രോപവ്‌ലോസ്‌ക്-കംചതസ്‌കിയില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെ പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം.

ഇതിനു പിന്നാലെ ആറുതവണ തുടർചലനങ്ങളുമുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിനോടകം തന്നെ ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

എന്നാൽ രണ്ടടി ഉയരത്തോളമുള്ള സുനാമി തിരകൾ രൂപപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പുണ്ട്. തുടര്‍ച്ചയായി ഭൂചലനങ്ങള്‍ നടക്കുന്ന പസഫിക് സമുദ്രത്തിലെ റിംഗ് ഒഫ് ഫയര്‍ എന്ന മേഖലയിലാണ് കംചതസ്‌ക സ്ഥിതി ചെയ്യുന്നത്. ഇവിടെ മുൻപും വലിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലായിൽ റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ സുനാമിയിൽ സമീപത്തെ തീരദേശഗ്രാമത്തിൽ വൻനാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.