കണ്ടെടുത്തത് മദ്യവും കോണ്ടവും; പ്രമുഖ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിച്ചതോടെ അദ്ധ്യാപകർ ഞെട്ടി
ഗാന്ധിനഗർ: ഗുജറാത്തിലെ വിവിധ സ്‌കൂളിലെ വിദ്യാർത്ഥികളുടെ കൈവശം നിന്ന് മദ്യവും കോണ്ടവും ഉൾപ്പെടെയുളളവ കണ്ടെത്തിയതായി അധികൃതർ. അഹമ്മദാബാദിലെ സെവൺത്ത് ഡേ അഡ്വെന്റിസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടി മരിച്ചതോടെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ നിരീക്ഷിക്കാനായി സ്‌കൂൾ അധികൃതർ പലതരത്തിലുളള നടപടികൾ സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കാനായി അദ്ധ്യാപകർ തീരുമാനിച്ചത്. സിഗെരറ്റ് പാക്കറ്റുകൾ, വേപ്പ്സുകൾ, മദ്യം, കോണ്ടം, ബ്ലേഡുകൾഎന്നിവയാണ് കണ്ടെത്തിയത്. ഈ വിവരം കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചപ്പോൾ പ്രതീക്ഷിക്കാത്ത തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചത്. മക്കളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും ഇവയെല്ലാം കുട്ടികൾ വളരുന്നതിന്റെ ഭാഗമാണെന്നുമായിരുന്നു രക്ഷിതാക്കളുടെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. കുട്ടികളുടെ ബാഗുകൾ മാത്രമാണ് ആദ്യഘട്ടമെന്ന നിലയിൽ പരിശോധിച്ചത്. അവരുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്. ഇത് കൂടുതൽ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കുട്ടികളുടെ ഇത്തരം രീതികളിൽ ആശങ്കയുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞു.
അതേസമയം, ഈ വിഷയത്തിൽ മുതിർന്ന മനഃശാസ്ത്രജ്ഞയായ ഡോക്ടർ പ്രശാന്ത് ഭിമാനി പ്രതികരിക്കുകയുണ്ടായി. സമപ്രായക്കാരുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം കുട്ടികളുടെ സ്വഭാവത്തെ ബാധിക്കും. ഒരു കുട്ടി ഏതെങ്കിലുമൊരു വസ്തു സ്‌കൂളിലേക്ക് കൊണ്ടുവന്നാൽ അത് മറ്റുളളവരെയും ആകർഷിക്കും. വയലന്റ് കണ്ടന്റ് അടങ്ങിയ സിനിമകളും വെബ്സീരീസുകളും കുട്ടികളിൽ അക്രമ സ്വഭാവം രൂപീകരിക്കാൻ കാരണമാകുമെന്നും പ്രശാന്ത് ഭിമാനി വ്യക്തമാക്കി.