ശമ്പളം 15 ലക്ഷം നൽകുന്നു, റസ്റ്റോറന്റിൽ നടന്നത് 50 രൂപയുടെ കച്ചവടം; ദുരിതബാധിതരോട് സ്വന്തം ദുരിതം പറഞ്ഞ് നടി

Friday 19 September 2025 11:19 AM IST

സുരേഷ് ഗോപി, വിജയ്, ഖുഷ്ബു, കങ്കണ തുടങ്ങി സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ നിരവധി പേരുണ്ട്. ഇതിൽ നടി കങ്കണ ഇപ്പോൾ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയാണ്. കഴിഞ്ഞ ദിവസം അവർ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരെ കാണാൻ പോയിരുന്നു. അവരെ ആശ്വസിപ്പിക്കുന്നതിന് പകരം, തന്റെ ദുരവസ്ഥയാണ് നടി ദുരിതബാധിതരോട് വിവരിച്ചത്.

റസ്‌റ്റോറന്റിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയായിരുന്നു കങ്കണ തുറന്നുപറഞ്ഞത്. 'ഇന്നലെ എന്റെ റസ്‌റ്റോറന്റിൽ വെറും അമ്പത് രൂപയുടെ കച്ചവടമാണ് നടന്നത്. ശമ്പളമായി ഞാൻ 15 ലക്ഷം രൂപ നൽകുന്നു. ദയവായി എന്റെ വേദന കൂടി മനസിലാക്കുക. ഞാനും ഒരു ഹിമാചലിലെ താമസക്കാരിയാണ്'- എന്നായിരുന്നു കങ്കണ പറഞ്ഞത്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് കങ്കണയുടെ പരാമർശം. ബിജെപി നേതാവും മണാലിയിൽ നിന്നുള്ള മുൻ എംഎൽഎയുമായ ഗോവിന്ദ് സിംഗ് താക്കൂറും കങ്കണയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കങ്കണ റണാവത്ത് ഈ വർഷം ആദ്യമാണ് മണാലിയിൽ 'ദി മൗണ്ടൻ സ്റ്റോറി' എന്ന റസ്റ്റോറന്റ് ആരംഭിച്ചത്. തനതായ ഹിമാചലി ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന ഈ റസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടൂറിസത്തെ വളരെയധികം ആശ്രയിക്കുന്ന ഒരു സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. മഴയും മണ്ണിടിച്ചിലും ടൂറിസം മേഖലയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.