മറാഠി സംസാരിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് ഭീഷണി; ട്രെയിനിൽ യാത്രക്കാരിയോട് തട്ടിക്കയറി യുവതി

Friday 19 September 2025 11:22 AM IST

മുംബയ്: മറാഠി സംസാരിക്കാത്തതിനെ ചൊല്ലി സഹയാത്രികർ തമ്മിൽ തർക്കം. മുംബയിലെ ലോക്കൽ ട്രെയിനുനിള്ളിലാണ് സംഭവം. തിരക്കേറിയ ലേഡീസ് കമ്പാർട്ട്‌മെന്റിനുള്ളിൽ നടന്ന സംഭവത്തിൽ രണ്ട് സ്ത്രീകൾ തമ്മിലാണ് ചൂടേറിയ തർക്കമുണ്ടായത്. കൈകുഞ്ഞുമായി കയറിയ യുവതിയാണ് അടുത്തിരുന്ന സഹയാത്രികയോട് മറാഠിയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് തർക്കിച്ചത്.

മഹാരാഷ്ട്രയിൽ ജീവിക്കുകയാണെങ്കിൽ മറാഠി നിർബന്ധമാണെന്നും മറാഠി സംസാരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. എന്നാൽ യുവതിയുടെ ഭീഷണിക്ക് വഴങ്ങാതെ നല്ല കുറിക്ക് കൊള്ളുന്ന മറുപടിയാണ് യാത്രക്കാരി നൽകിയത്. 'മറാഠിയിൽ മാത്രമേ സംസാരിക്കാൻ കഴിയൂ എന്ന് എവിടെയാണ് എഴുതി വച്ചിരുക്കുന്നത്? ഞാനും ഈ നാട്ടുകാരിയാണ്'. -സഹയാത്രിക പറഞ്ഞു.

ശബ്ദം താഴ്ത്തി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തർക്കം ആരംഭിക്കുന്നത്. ദൃശ്യങ്ങൾ വൈറലായതോടെ, ഒരാളെ നിർബന്ധിച്ച് ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച യുവതിക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഇത്തരം പ്രവൃത്തികൾ അനാവശ്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു.

മറാഠിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് നിർബന്ധമുള്ള കാര്യമല്ലെന്ന് സഹയാത്രിക യുവതിക്ക് മറുപടി നൽകി. ഇത് കേട്ടതോടെ, യുവതിയുടെ സ്വരം ഭീഷണിയിലേക്ക് വഴി മാറി. 'മറാഠിയിൽ സംസാരിക്കില്ലേ? ഞാൻ നിങ്ങളെ ഈ സംസ്ഥാനത്ത് നിന്ന് പുറത്താക്കും' ഇതിന് മറുപടിയായി "നിങ്ങളാരാണ്? ഞാനും ഇവിടുത്തുകാരിയാണ്," എന്ന് സഹയാത്രിക ചോദിക്കുന്നുണ്ട്.

'ഞാൻ ലൈവിലാണ് മറാഠിയിൽ സംസാരിക്കൂ, നിങ്ങൾക്കും വേണമെങ്കിൽ വീഡിയോ എടുക്കാമെന്നും അപ്പോൾ മറാഠിയിൽ സംസാരിക്കുന്ന യുവതി പറയുന്നുണ്ട്. ശരിക്കും ഇത്തരം കാര്യങ്ങൾ ഭ്രാന്തും ഗുണ്ടായിസവുമാണെന്നാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് ഒരാൾ കുറിച്ചത്. ഇങ്ങനെയുള്ള ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചു.

ഒരു സംസ്ഥാനത്തെ ഭാഷ അറിയുന്നത് അവിടുത്തെ ആളുകളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനാണ്. പക്ഷേ അത് നിർബന്ധിപ്പിച്ച് അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ഇത്തരം പ്രവൃത്തികൾ നമ്മൾ നമ്മുടെ സ്വന്തം രാജ്യത്തല്ലെന്നുള്ള പ്രതീതിയായിരിക്കും തോന്നിപ്പിക്കുന്നതെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.