'മഞ്ജുവിന്റെ തീരുമാനം അറിഞ്ഞപ്പോൾ ഞെട്ടി, കഷ്‌ടമായിപ്പോയി, ഇത്രയൊക്കെ ഉണ്ടായിട്ടും ഒരു വാക്കുപോലും ആ കുട്ടി പറഞ്ഞില്ല'
തിരിച്ചുവരവിന് ശേഷം സിനിമയിൽ വിജയിക്കുന്ന വളരെ ചുരുക്കം താരങ്ങളേയുള്ളു. അതിലൊരാളാണ് മഞ്ജു വാര്യർ. മലയാളത്തേക്കാൾ തമിഴ് സിനിമകളിലാണ് നടി സജീവമായിട്ടുള്ളത്. സൂപ്പർതാര പദവിയുള്ള മഞ്ജുവിന് ഇന്ന് എല്ലാ ഭാഷകളിലും ആരാധകരുണ്ട്. നടൻ ദിലീപുമായുള്ള വിവാഹശേഷമാണ് മഞ്ജു നേരത്തേ അഭിനയരംഗം വിട്ടത്. ഒരുപക്ഷേ, അന്ന് കരിയറിൽ തുടർന്നിരുന്നെങ്കിൽ ഒട്ടേറെ അവിസ്‌മരണീയ കഥാപാത്രങ്ങൾ മഞ്ജുവിന് ലഭിച്ചേനെ. ഇപ്പോഴിതാ മഞ്ജു - ദിലീപ് വിവാഹത്തെക്കുറിച്ച് നടി ലീല പണിക്കർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ലീല പണിക്കരുടെ വാക്കുകൾ:
' മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്ന കാര്യം സൂര്യ കൃഷ്‌ണമൂർത്തിയാണ് എന്നെ വിളിച്ച് പറഞ്ഞത്. അയ്യോ, മഞ്ജു ഭയങ്കര ആർട്ടിസ്റ്റാണെന്ന് ഞാൻ പറഞ്ഞു. വിവാഹശേഷം അവർ ഇനി അഭിനയിക്കില്ല. അത് കേട്ടപ്പോൾ കഷ്‌ടമായിപ്പോയി എന്ന് തോന്നി. എത്രദിവസം ആ കുട്ടിക്ക് അങ്ങനെ ഇരിക്കാൻ പറ്റും. അഭിനയിക്കാതിരിക്കാൻ അവർക്ക് പറ്റില്ല. അത്രയും കഴിവുള്ളയാളാണ് ആ കുട്ടി എന്ന് സൂര്യ കൃഷ്‌ണമൂർത്തി പറഞ്ഞു. അതെ, മഞ്ജുവിന്റെ കൂടെ ഒരു റോൾ അഭിനയിക്കണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ഞാനും അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് എന്തൊക്കെ പ്രശ്‌നങ്ങൾ ജീവിതത്തിലേക്ക് വന്നു. എന്നിട്ടും ഒരു വാക്കുപോലും ആ കുട്ടി പറഞ്ഞില്ല. അതൊരു ചർച്ചാവിഷയമാക്കാൻ അവർ നിന്നില്ല. മാനം മര്യാദയോടെയാണ് വന്നത്. '