യുഎസിൽ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു, കവർച്ച തടയുന്നതിനിടെയെന്ന് പൊലീസ്
കാലിഫോർണിയ: അമേരിക്കയിൽ മോഷണശ്രമം തടയുന്നതിനിടെ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു. ഗുറജാത്ത് സ്വദേശിനി കിരൺ പട്ടേലാണ് കൊല്ലപ്പെട്ടത്. ന്യൂജേഴ്‌സിയിലെ യൂണിയൻ കൗണ്ടിയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. കടയിൽ മോഷണത്തിനെത്തിയ ആൾക്ക് പണം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അക്രമി യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
രാത്രി പത്തരയോടെ കടയ്ക്ക് പുറത്ത് വെടിയൊച്ച കേട്ട കിരൺ പൊലീസിനെ വിവരമറിയിച്ചു. അപ്പോഴേക്കും തോക്കുമായി മുഖംമൂടി ധരിച്ച ഒരാൾ കടയ്ക്കുള്ളിൽ കയറി പണം ആവശ്യപ്പെട്ടു. എന്നാൽ, കിരൺ പണം നൽകാൻ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ അക്രമി കിരണിന് നേരെ വെടിയുതിർത്തെങ്കിലും അത് ലക്ഷ്യസ്ഥാനം കണ്ടില്ല. തുടർന്ന് കിരൺ കയ്യിൽ കിട്ടിയ സാധനങ്ങൾ അക്രമിക്ക് നേരെ എറിയുകയും രക്ഷപ്പെടാൻ പുറത്തേക്ക് ഓടുകയും ചെയ്തു. പിന്തുടർന്നെത്തിയ അക്രമി കിരണിനെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
ദക്ഷിണ കാലിഫോർണിയൻ മേഖലകളിൽ തോക്കുകൾ എളുപ്പത്തിൽ ലഭ്യമായതിനാൽ ചെറിയ കാര്യങ്ങൾക്കുപോലും വെടിവയ്പ്പ് സാധാരണമാണെന്നാണ് നാട്ടുകാർ പറയുന്നത്. കഠിനാധ്വാനിയായിരുന്ന കിരൺ ഏറെക്കാലമായി ഈ കടയിൽ ജോലി ചെയ്തുവരികയായിരുന്നുവെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു.
കടയുടെ പാർക്കിംഗ് ഏരിയയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കിരണിനെ പൊലീസ് കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അക്രമി തൊട്ടടുത്ത് നിന്ന് യുവതിയെ വെടിവച്ചതിനാലാണ് പെട്ടെന്ന് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. അക്രമിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.