ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ മുരിദ്‌കെ ഭീകരക്യാമ്പ് തകർന്നതിന് സ്ഥിരീകരണം,​ കൂടുതൽ വലുതായി പുതുക്കിപണിയുമെന്ന് ലഷ്‌‌കർ ഭീകരൻ

Friday 19 September 2025 3:22 PM IST

ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ ലഷ്‌കർ ഇ ത‌യ്‌ബ ഭീകര പരിശീലനകേന്ദ്രം തകർത്ത വിവരം ഇന്ത്യ മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. എന്നാൽ പാകിസ്ഥാൻ ഇക്കാര്യം ഇന്നേവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. എന്നാലിപ്പോൾ ഇക്കാര്യം അനൗദ്യോഗികമായി പാകിസ്ഥാനിൽ നിന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ലഷ്‌കർ ഭീകരനായ കാസിം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ മുരിദ്‌കെയിലെ തകർന്ന ക്യാമ്പ് കൂടുതൽ വലിപ്പത്തിൽ പുതുക്കിപ്പണിയുമെന്നാണ് കാസിം വാദിക്കുന്നത്.

ഒരു കൂട്ടം കെട്ടിട അവശിഷ്‌ടങ്ങളുടെ മുന്നിൽ നിന്നും കാസിം ഇങ്ങനെയാണ് പറയുന്നത്. 'ഞാനിപ്പോൾ നിൽക്കുന്നത് മുരിദ്‌കെയിലെ മർക്കസ് തയിബയുടെ മുന്നിലാണ്. ഇത് ആക്രമണത്തിൽ തകർന്നുപോയി (ഓപ്പറേഷൻ സിന്ദൂറിൽ)​. നമ്മൾ ഇത് പുതുക്കിപ്പണിയും. മുൻപത്തേതിലും വലുതായി നി‌ർമ്മിക്കും.'

നിരവധി ഭീകരർ ഇവിടെനിന്നും പരിശീലനം നേടി പുറത്തുപോയിട്ടുണ്ടെന്ന് കാസിം വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. അത്തരത്തിൽ അവർ വിജയം കൈവരിച്ചു എന്നാണ് ഇയാളുടെ വാദം. പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിലുള്ള മുരിദ്‌കെ ഭീകരക്യാമ്പ് തകർക്കപ്പെട്ടതായി നേരത്തെ ജയ്‌ഷെ മുഹമ്മദ് കമാൻഡർ മസൂദ് ഇല്യാസ് കശ്‌മീരി പറഞ്ഞിരുന്നത് പുറത്തുവന്നിരുന്നു. ഈ ആക്രമണത്തിൽ ജയ്‌ഷെ തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ മരിച്ചെന്നും മസൂദ് ഇല്യാസ് കശ്‌മീരി വ്യക്തമാക്കിയിരുന്നു.

കാസിമിന്റെ മറ്റൊരു വീഡിയോയിൽ ഭീകരവാദ ആയുധ പരിശീലനത്തിന് യുവാക്കൾ ചേരണമെന്ന് ഇയാൾ ആവശ്യപ്പെടുന്നുണ്ട്. തോക്കടക്കം ആയുധങ്ങൾ ഉപയോഗിക്കാനും ജിഹാദി പരിശീലനവുമാണ് നൽകുന്നതെന്നും വ്യക്തമാക്കിയിരുന്നു. ലഷ്‌കർ ഇ ത‌യ്‌ബ 2000ലാണ് മർക്കസ് തയ്‌ബ സമുച്ചയം നിർമ്മിച്ചത്. മർകസ് സുബഹാൻ അല്ലാ എന്ന സമുച്ചയമാകട്ടെ 2015ലാണ് സ്ഥാപിച്ചത്. 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണം നടത്തിയവർ ഇവിടെനിന്നാണ് എത്തിയതെന്നാണ് സൂചന.