അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഈടാക്കുന്ന ചാ‌ർജ് കുറയും, നി‌ർണായക നീക്കവുമായി ആർബിഐ

Friday 19 September 2025 5:42 PM IST

മുംബയ്: റീട്ടെയിൽ ഇടപാടുകൾക്ക് ഈടാക്കുന്ന സേവന നിരക്കുകൾ കുറയ്ക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോഴുള്ള ഫീസ്, വൈകിയുള്ള തിരിച്ചടവിന് ഈടാക്കുന്ന പിഴ, മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഈടാക്കുന്ന ചാർജ് തുടങ്ങയ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരക്കുകൾ കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്.

നിലവിൽ, വിവിധ ബാങ്കുകൾക്ക് വ്യത്യസ്ത നിരക്കുകളാണ്. ചെറുകിട വായ്പകളുടെ പ്രോസസിംഗ് ഫീസ് 0.50% മുതൽ 2.5% വരെയാണ്. ചില ബാങ്കുകൾ ഭവന വായ്പയുടെ പ്രോസസിംഗ് ഫീസിന് 25,000 രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ഈ നിരക്കുകൾക്ക് ആർബിഐ പുതിയ പരിധി നിശ്ചയിച്ചിട്ടില്ല.

ഭീമൻ കോർപ്പറേറ്റ് വായ്പകളിലെ നഷ്ടം കാരണം ബാങ്കുകൾ ചെറുകിട വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ആർബിഐയുടെ ഈ നിർദേശം വരുന്നത്. വ്യക്തിഗത, വാഹന, ചെറുകിട ബിസിനസ് വായ്പകളിലാണ് ബാങ്കുകളുടെ ലാഭം അടുത്തിടെ ഉണ്ടായിരുന്നത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബാങ്കിങ് സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ 25ശതമാനം വർദ്ധിച്ചതായി കണക്കുകൾ കാണിക്കുന്നു. ഉപഭോക്താക്കളുടെ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ, പരാതികൾ വേഗത്തിൽ പരിഹരിക്കണമെന്നും സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും ആർബിഐ ഗവർണർ ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.