ട്വിസ്റ്റുകളും സർപ്രൈസുകളും

Saturday 20 September 2025 6:00 AM IST

പൂർണമായും ജീത്തു ജോസഫ്

സിനിമയായി മിറാഷ്

ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞ ത്രില്ലർ ചിത്രം എന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷിനെ വിശേഷിപ്പിക്കാം. സസ്‌പെൻസ് ത്രില്ലർ മൂഡിൽ മുൻപോട്ടു പോവുന്ന ചിത്രം മൈൻഡ് ഗെയിം ത്രില്ലർ എന്ന രീതിയിലേക്കും മാറുന്നു.

ആസിഫ് അലി, അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ , ഹന്ന റെജി കോശി എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്നു. ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അഭിരാമി, കിരൺ, റിതിക എന്നിവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി അശ്വിൻകുമാർ എന്ന ഓൺലൈൻ മാദ്ധ്യമപ്രവർത്തകൻ കടന്നുവരുന്നു. ഈ മൂവർസംഘം നടത്തുന്ന അതിസാഹസികയാത്രയുമാണ് തുടർന്ന് മിറാഷ് .ആസിഫ് അലി ആണ് അശ്വിൻ. ത്രില്ലർ ചിത്രങ്ങളിൽ തിളങ്ങുന്ന ആസിഫ് അലി ഇക്കുറിയും പതിവ് തെറ്റിക്കുന്നില്ല. ആക്ഷനും ഇമോഷനും എല്ലാം കടന്നുചെല്ലുന്നുണ്ട്. അഭിരാമി അപർണ ബാലമുരളിയും റിതിക ഹന്ന റെജി കോശിയും കിരൺ ഹക്കിം ഷാജഹാനും ആണ്. ഈ കഥാപാത്രങ്ങൾക്കെല്ലാം ഒന്നിലേറെ തലങ്ങളുണ്ട്. ആറുമുഖം എന്ന പൊലീസ് വേഷത്തിൽ എത്തി സമ്പത്ത് ശ്രദ്ധപിടിച്ചുപറ്റി.

അപർണ ആർ. തറക്കാട് ആണ് കഥ. ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിഷ്‌ണു ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചുനിന്നു. മുകേഷ് ആർ. മേത്ത, ജതിൻ എം. സേഥി, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മാണം.

ട്വിസ്റ്റ് നിറഞ്ഞ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ മിറാഷ് നല്ല വിരുന്നായിരിക്കും.