കെ ജെ ഷൈനിനെതിരായ ആരോപണം പറവൂർ കേന്ദ്രീകരിച്ച്, രാഹുൽ പാലക്കാട്ടെത്തിയാൽ തടയില്ലെന്ന് എം വി ഗോവിന്ദൻ

Friday 19 September 2025 7:01 PM IST

തിരുവനന്തപുരം: കെ.ജെ. ഷൈനിനെതിരായ ആരോപണം പറവൂർ കേന്ദ്രീകരിച്ചാണ് ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് വലിയ ബോംബ് വരാൻ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് ഇങ്ങനെ ജീർണിച്ചതാകുമെന്ന് കരുതിയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്ത്രീകളെ തേജോവധം ചെയ്യാനാണ് പരിശ്രമമെന്നും നാല് എം.എൽ.എമാരെ സംശയത്തിന്റെ നിഴലിൽ നിറുത്താനാണ് കോൺഗ്രസ് സൈബർ വിഭാഗം ശ്രമിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു. കോൺഗ്രസിന്റെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തിയാൽ സി.പി.എം തടയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഹുൽ ഇങ്ങനെ തുടരുന്നതാണ് സി.പി.എമ്മിന് നല്ലത്. സംസ്കാരിക ജീർണതയുടെ പ്രതീകമായി രാഹുൽ മാറിയെന്നു ഗോവിന്ദൻ പറഞ്ഞു. അയ്യപ്പ സംഗമത്തിനോട് പുറത്തു കാണിക്കുന്ന എതിർപ്പ് മാത്രമേ കോൺഗ്രസിനുള്ളൂ. അവസാന നിമിഷം ആരെങ്കിലും ക്ഷണിച്ചാൽ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാമെന്നാണ് പ്രമുഖ കോൺഗ്രസ് നേതാവ് മന്ത്രിയോട് പറഞ്ഞത്. അയ്യപ്പ സംഗമത്തിനകത്ത് ഒരു പ്രീണനവും ഇല്ല. ദേവസ്വം ബോർഡ് സംഘടിപ്പിച്ച പരിപാടിയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.