കരച്ചിലടക്കാനാവാതെ ധനുഷ്
റോബട്ട് വേഷത്തിൽ നൃത്തങ്ങൾ അവതരിപ്പിച്ച് റോബോ എന്ന പേര് നേടിയ നടൻ
റോബോ ശങ്കർ ഇനി ഒാർമ
പ്രശസ്ത നടൻ റോബോ ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ തമിഴ് സിനിമാലോകം. റോബോ ശങ്കറിനെ അവസാനമായി ഒരുനോക്കു കാണാൻ സിനിമാരംഗത്തുനിന്ന് നിരവധി പേരാണ് വീട്ടിൽ എത്തിയത്. കരച്ചിലടക്കാനാവാതെ റോബോ ശങ്കറിനെ അവസാനമായി കണ്ടുനിൽക്കുന്ന ധനുഷിന്റെ ചിത്രങ്ങളും വീഡിയോയും ഇടംനേടി . ധനുഷിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജയെയും വീഡിയോയിൽ കാണാം. ബിഗിൽ എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ ഇന്ദ്രജ അവതരിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം ആണ് ധനുഷ് മടങ്ങിയത്. 'മാരി" സിനിമയിൽ ധനുഷിനൊപ്പം ശ്രദ്ധേയ വേഷം റോബോ ശങ്കർ അവതരിപ്പിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ, വിജയ് ആന്റണി, എം.എസ്. ഭാസ്‌കർ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.
കഴിഞ്ഞ ദിവസം ഭാര്യ പ്രിയങ്കയ്ക്കൊപ്പം ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ റോബോ ശങ്കർ ബോധരഹിതനാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാമായിരുന്നു. 2007ൽ ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം.
റോബട്ട് വേഷത്തിൽ നൃത്തങ്ങൾ അവതരിപ്പിച്ച ശേഷമാണ് റോബോ എന്ന പേര് നേടുന്നത്.
രജനികാന്തിന്റെ 'പടയപ്പ' ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു.രജനികാന്ത്, കമൽഹാസൻ, വിജയ് , കാർത്തി തുടങ്ങി ഒട്ടുമിക്ക താരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.