അദാലത്തിൽ 21 കേസുകൾ പരിഹരിച്ചു

Friday 19 September 2025 7:39 PM IST

കണ്ണൂർ: സംസ്ഥാന വനിതാകമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 85 കേസുകൾ പരിഗണിച്ചു. ഇതിൽ 21 എണ്ണം പരിഹരിച്ചു. ഒൻപതെണ്ണം പൊലീസ് റിപ്പോർട്ടിനായും നാലെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. മൂന്നെണ്ണം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കൈമാറി. 48 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി ആറ് പരാതികൾ ലഭിച്ചു.

സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ അപഹസിക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു.ജാഗ്രത സമിതികൾ ഫലപ്രദമാക്കാൻ പ്രാദേശിക ഭരണകൂടം കൂടുതൽ ശ്രദ്ധ നൽകണമെന്നും അവർ പറഞ്ഞു. ഗാർഹിക പീഡനം, സ്വത്ത് തർക്കങ്ങൾ, അയൽവാസികളുമായുള്ള പ്രശ്നങ്ങൾ, പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുക്കൽ, പണയം വെച്ച സ്വർണ്ണം തിരിച്ചു കൊടുക്കാത്തത് ഉൾപ്പെടെയാണ് പരിഗണിച്ച മറ്റ് കേസുകൾ.അഭിഭാഷകരായ കെ.പി. ഷിമ്മി, ചിത്തിര ശശിധരൻ, കൗൺസിലർ അശ്വതി രമേശൻ എന്നിവരും സിറ്റിംഗിൽ പരാതികൾ പരിഗണിച്ചു.