മലയാളികളുടെ പ്രിയപ്പെട്ട നഗരത്തിൽ നിന്നും ബാങ്കോക്കിൽ അവധി ആഘോഷിക്കാൻ പോകാം, 16,800 രൂപ നിരക്കിൽ ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്
കൊച്ചി: ഓക്ടോബർ 18 മുതൽ ബംഗളൂരുവിൽ നിന്നും ബാങ്കോക്കിലേക്ക് പ്രതിദിനം നേരിട്ടുള്ള വിമാന സർവ്വീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. പ്രാരംഭ ഓഫറായി ബാങ്കോക്കിലേക്കും തിരിച്ചും 16,800 രൂപയ്ക്ക് എക‌്സ്പ്രസ് വാല്യൂ നിരക്കിൽ സീറ്റുകൾ ലഭ്യമാണ്. ബംഗളൂരുവിൽ നിന്നും ബാങ്കോക്കിലേക്ക് 9,000 രൂപയ്ക്ക് ടിക്കറ്റുകൾ ലഭിക്കും.
ദിവസവും രാവിലെ 11ന് ബംഗളൂരുവിൽ നിന്നും പുറപ്പെട്ട് വൈകിട്ട് 4.45ന് ബാങ്കോക്കിൽ എത്തിച്ചേരും. വൈകിട്ട് 5.45ന് തിരികെ പുറപ്പെട്ട് രാത്രി 8.30ന് ബംഗളൂരുവിൽ മടങ്ങിയെത്തും. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും ബംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവ്വീസുള്ളതിനാൽ മാലയാളികൾ ഉൾപ്പടെ അവധിക്കാലം ആഘോഷിക്കാൻ ബംഗളൂരുവിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നും തായ്‌ലന്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് ഈ പുതിയ സർവ്വീസ്.
ഈ പുതിയ റൂട്ട് തായ്‌ലന്റിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തും. നിലവിൽ ബാങ്കോക്കിൽ നിന്നും ലക്‌നൗ, പൂനെ, സൂറത്ത് എന്നിവിടങ്ങളിലേക്കും ഫുക്കറ്റിൽ നിന്നും ഹൈദരാബാദിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന് വിമാന സർവ്വീസുണ്ട്.
ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്‌പ്രസ് ബിസ് സീറ്റുകളും ഗോർമേർ ഭക്ഷണവും എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ 40ലധികം വരുന്ന പുതിയ വിമാനങ്ങളിലുണ്ട്. എക്‌സ്‌പ്രസ് എഹെഡ് മുൻഗണന ചെക്ക്ഇൻ, ബോർഡിംഗ്, ബാഗേജ് ഹാൻഡ്ലിംഗ് സേവനവും എയർ ഇന്ത്യ എക്സ്പ്രസിൽ ലഭിക്കും.
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഏറ്റവും വലിയ സ്റ്റേഷനായ ബംഗളൂരുവിൽ നിന്നും 30 ആഭ്യന്തര, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി ആഴ്ച തോറും നേരിട്ടുള്ള 440 വിമാന സർവീസുകളാണുള്ളത്. കൂടാതെ ആറ് ആഭ്യന്തര, 13 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി വൺ സ്റ്റോപ്പ് വിമാന സർവ്വീസുകളും ബംഗളൂരുവിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.
115 വിമാനങ്ങളാണ് എയർ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്. 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കായി പ്രതിദിനം 525ലധികം സർവ്വീസുകളും എയർ ഇന്ത്യ എക്‌സ്‌പ്രസിനുണ്ട്.