20 രൂപയ്ക്ക് നാലെണ്ണം പോരാ, ആറെണ്ണം കിട്ടിയേ പറ്റൂ; പാനിപൂരിയുടെ പേരില്‍ വമ്പന്‍ ഗതാഗതക്കുരുക്ക്
അഹമ്മദാബാദ്: പാനിപൂരി കച്ചവടക്കാരനും യുവതിയും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നഗരത്തിലുണ്ടായത് വമ്പന്‍ ഗതാഗതക്കുരുക്ക്. പാനിപൂരി കച്ചവടക്കാരന്‍ തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതാണ് സംഭവത്തിന് കാരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം അരങ്ങേറിയത്. ട്രാഫിക് പ്രശ്‌നങ്ങളുണ്ടായതോടെ പൊലീസ് സ്ഥലത്ത് എത്തുകയും യുവതിയെ അനുനയിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ റോഡിലെ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് ഗതാഗതം സുഗമമായത്.
വഡോദരയിലെ സുര്‍സാഗര്‍ ലേക്കിന് സമീപമായിരുന്നു സംഭവം. 20 രൂപയ്ക്ക് കച്ചവടക്കാരന്‍ നാല് പാനിപൂരി മാത്രം നല്‍കിയതാണ് സ്ത്രീയെ പ്രകോപിപ്പിച്ചത്. 20 രൂപയ്ക്ക് ആറ് പാനിപൂരി നല്‍കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഇതിന് കച്ചവടക്കാരന്‍ വിസമ്മതിച്ചതോടെയാണ് രണ്ട് പാനിപൂരി കൂടി വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ നടുറോഡില്‍ കുത്തിയിരുന്നത്. സ്ത്രീ റോഡില്‍ കുത്തിയിരിക്കുന്നത് കണ്ടതോടെ പ്രദേശത്തുണ്ടായിരുന്ന ആളുകള്‍ ഇവിടെ തടിച്ച് കൂടുകയും ചെയ്തു.
പൊലീസ് എത്തിയതിന് പിന്നാലെ കരഞ്ഞുകൊണ്ടാണ് സ്ത്രീ തനിക്ക് നാല് പാനിപൂരി മാത്രമേ കിട്ടിയുള്ളൂവെന്നും രണ്ടെണ്ണം കൂടി വേണമെന്നും ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസ് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റുകയായിരുന്നു. അതേസമയം, യുവതി ആവശ്യപ്പെട്ടത് പോലെ അവര്‍ക്ക് ആറ് പാനിപൂരി കിട്ടിയോ ഇല്ലയോ എന്ന് വ്യക്തമല്ല. നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.