ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനസമയം നീട്ടൽ, അന്തിമതീരുമാനം തന്ത്രിയുടേത്
തിരുവനന്തപുരം: ദർശനസമയം കൂട്ടുന്നതു സംബന്ധിച്ച് തന്ത്രിയുമായി ആലോചിച്ചശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ എന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി. ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്ത്രിയുടേതാണ് അവസാനവാക്ക്. അതേസമയം, ദർശനസമയം നീട്ടുന്നതിൽ സമിതിക്ക് എതിർപ്പില്ല. ഗുരുവായൂരിലെയും തമിഴ്നാട്ടിലെയും വൻക്ഷേത്രങ്ങളിൽ നടപ്പിലാക്കുന്ന മാതൃകയിൽ തദ്ദേശീയർക്കായി പ്രത്യേക ക്യൂ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ ഭരണസമിതി ക്ഷേത്രത്തിലെ ദർശനസമയം നീട്ടുമ്പോൾ പ്രത്യേകക്രമീകരണം പരിശോധിക്കാമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
തദ്ദേശീയർക്ക് പ്രത്യേകം ക്യൂ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഭരണസമിതിക്ക് മുന്നിലെത്തിയത്. കമ്മിഷൻ ഭരണസമിതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിലാണ് ക്യൂ പ്രായോഗികമല്ലെന്ന് ഭരണസമിതി വ്യക്തമാക്കിയത്.
500 രൂപയുടെ സേവാപാസ്, ക്ഷേത്രജീവനക്കാർക്കും വി.ഐ.പികൾക്കുമുള്ള പാസുകൾ എന്നിവയും പതിനായിരം രൂപയുടെ ഒരു വർഷത്തെ അർച്ചന ടിക്കറ്റ് ഉള്ളവർക്കും മാത്രമാണ് നിലവിൽ ഒറ്റക്കൽ മണ്ഡപത്തിന്റെ മുൻനിരയിൽ നിന്ന് ദർശനം. തങ്ങളെ കമ്പികെട്ടി തിരിച്ച് പിന്നിൽ നിറുത്തുന്നതിനാൽ തലസ്ഥാനത്തുള്ള ഭക്തർക്ക് സുഗമദർശനം നടക്കാറില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും ഒന്നരമണിക്കൂർ തിരിച്ചറിയൽ രേഖകളുള്ള തദ്ദേശീയ ഭക്തർക്കായി പ്രത്യേക ക്യൂ ഉള്ളപ്പോൾ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത് നടപ്പാക്കിക്കൂടെ എന്നാണ് ഭക്തരുടെ ചോദ്യം.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ തദ്ദേശീയരുടെ ദർശനം സുഗമമാക്കുന്നതിനെക്കുറിച്ചുള്ള ക്രമീകരണങ്ങളിലും ഈ സാഹചര്യത്തിൽ ചർച്ചയാവുന്നു.