അസം റൈഫിൾസിന്റെ ട്രക്കിന് നേരെ അജ്ഞാതരുടെ ആക്രമണം, രണ്ട് ജവാന്മാർക്ക് വീരമൃത്യു
ഗുവാഹത്തി: അസം റൈഫിൾസിന്റെ ട്രക്കിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാലുപേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 33 അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മണിപ്പൂരിലെ ബിഷ്‌ണുപൂരിലാണ് സംഭവം. ഇംഫാൽ വിമാനത്താവളത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ നംബോൽ സബാൽ ലൈക്കൈയിലാണ് സംഭവസ്ഥലം.
'കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സേനയ്‌ക്കെതിരെ മണിപ്പൂരിൽ നടക്കുന്ന ആദ്യ വലിയ ആക്രമണമാണിത്.' പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസമിലെ കച്ചറിലാണ് കേന്ദ്ര സേനയ്‌ക്കെതിരെ ഇതിനുമുൻപ് ആക്രമണം ഉണ്ടായത്. ഒരു ജവാൻ വീരമൃത്യു വരിക്കുകയും മൂന്നുപേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. 1949ലെ മണിപ്പൂർ സംയോജന കരാർ വന്നതിനെതിരെ ചില തീവ്രവിഭാഗക്കാർ ബന്ദ് പ്രഖ്യാപിച്ചതിന് ദിവസങ്ങൾ മുൻപാണ് ഇന്ന് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടവും ഇവിടെ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയും വർദ്ധിപ്പിച്ചിട്ടുമുണ്ട്.