നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിൽ

Saturday 20 September 2025 1:00 AM IST

പാലോട്: 2009ൽ 60കോടി ചെലവഴിച്ച് നിർമ്മാണം തുടങ്ങിയ ആനാട്,നന്ദിയോട് സമഗ്രകുടിവെള്ള പദ്ധതി പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടുമാസത്തിനുള്ളിൽ ഭാഗികമായി കമ്മിഷൻ ചെയ്യുമെന്ന് പറഞ്ഞിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ 2025മാർച്ച് 27ന് ഡി.കെ.മുരളി എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി തീരുമാനമറിയിച്ചത്. 6മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.

രണ്ടുപഞ്ചായത്തുകളിലെ 5000ത്തിലധികം വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണിത്. രണ്ടു ഘട്ടങ്ങളായി നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എൻ.ആർ.ഡി.ഡബ്ല്യൂ.പി പദ്ധതിയിലുൾപ്പെടുത്തി 15കോടിരൂപ ചെലവിട്ട് ജലശുദ്ധീകരണശാല, കിണറും പമ്പ്ഹൗസും, റാവാട്ടർ പമ്പിംഗ്, മെയിൻ പൈപ്പ്‌ലൈൻ എന്നിവ പൂർത്തീകരിച്ചു. എന്നാൽ എൻ.ആർ.ഡി.ഡബ്ല്യൂ.പി പദ്ധതികൾ നിറുത്തലാക്കിയതോടെ അനിശ്ചിതത്വത്തിലായി. രണ്ടാംഘട്ട പ്രവൃത്തികൾക്കായി സ്റ്റേറ്റ് പ്ലാനിലുൾപ്പെടുത്തി 16കോടി അനുവദിച്ചു.

പമ്പ് സെറ്റുകൾ സ്ഥാപിക്കൽ, നന്ദിയോട് നിലവിലുള്ള ജലസംഭരണിയുടെ പുനരുദ്ധാരണം, പുതുതായി 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂതല ജലസംഭരണിയുടെ നിർമ്മാണം, പൈപ്പ് ലൈൻ സ്ഥാപിക്കൽ, നന്ദിയോട് പഞ്ചായത്തിൽ 63കി.മി ദൈർഘ്യത്തിൽ ജലവിതരണശൃംഖല സ്ഥാപിക്കൽ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടു പാക്കേജുകളായി നിർമ്മാണം നടത്താനിരുന്ന പ്രവർത്തനങ്ങൾ കോവിഡിന്റെ വരവോടെ വീണ്ടും നിറുത്തിവയ്ക്കുകയായിരുന്നു. തുടർന്ന് സ്റ്റേറ്റ് പ്ലാൻ പദ്ധതികൾക്ക് ഫണ്ട് ലഭ്യമാകുന്നതിൽ കാലതാമസമുണ്ടായി. നിലവിൽ പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്.

വെള്ളമില്ല, ബില്ലുണ്ട്

ജലശുദ്ധീകരണശാലയിലും, റാവാട്ടർ പമ്പ് ഹൗസിലും വൈദ്യുത കണക്ഷൻ ലഭ്യമാക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. വൈദ്യുതീകരണം പൂർത്തിയാക്കിക്കഴിഞ്ഞാൽ രണ്ടു മാസത്തിനുള്ളിൽ പദ്ധതി ഭാഗികമായി കമ്മീഷൻ ചെയ്യാൻ സാധിക്കും.നിലവിൽ ആനാട് 2405, നന്ദിയോട് 2248 കുടുംബങ്ങൾക്കും പൈപ്പ് ലൈൻ കണക്ഷൻ ലഭിച്ചിട്ടുണ്ട്.ഇതിൽ പലർക്കും നാളിതുവരെ വെള്ളം കിട്ടിയില്ലെങ്കിലും ബില്ല് ലഭിച്ചിട്ടുണ്ട്.

മൂന്നാംഘട്ടത്തിൽ

പദ്ധതിയുടെ മൂന്നാം ഘട്ടമായി ആനാട്, നന്ദിയോട് പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശത്തും കുടിവെള്ളമെത്തിക്കുന്നതിനായി ജലജീവൻ മിഷനിലുൾപ്പെടുത്തി 65.66കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ആലുംകുഴിയിൽ 5.25ലക്ഷം ലിറ്റർ, കൂപ്പിൽ 6.25ലക്ഷം ലിറ്റർ, കൈതക്കാട് 1.7ലക്ഷം ലിറ്റർ വീതം ശേഷിയുള്ള ഉപരിതല ജല സംഭരണികളുടെ നിർമ്മാണം,പ്രസ്തുത ജലസംഭരണികളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകൾ,പമ്പ് സെറ്റുകൾ,ട്രാൻസ്‌ഫോർമറുകൾ,രണ്ടു പഞ്ചായത്തുകളിലും ആവശ്യമായ ജലവിതരണ ശൃംഖലകൾ തുടങ്ങിയവ സ്ഥാപിക്കൽ, കുടിവെള്ള കണക്ഷനുകൾ നൽകലും ഇതിലുൾപ്പെടുന്നു.

ടാങ്ക് നിർമ്മാണം

ആനക്കുഴിയിലെ ടാങ്ക് നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം പമ്പ് ചെയ്തു തുടങ്ങി. വഞ്ചൂവം കൂപ്പിൽ ഓവർ ഹെഡ് ടാങ്ക് നിർമ്മാണം പൂർത്തിയായി. കൈതക്കാട് ഉപരിതല ജലസംഭരണികളുടെ നിർമ്മാണം പുരോഗമിക്കുന്നു.122കിലോമീറ്ററോളം പൈപ്പ്‌ലൈനുകൾ സ്ഥാപിച്ചു കഴിഞ്ഞു. ജലശുദ്ധീകരണശാല കമ്മീഷൻ ചെയ്ത് ജലജീവൻ മിഷനിലുൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തികൾ കൂടി പൂർത്തിയാകുന്നതോടെ ആനാട്,നന്ദിയോട് പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കാനാവും.

പൂർത്തിയായവ

സ്റ്റോറേജ് പ്ലാന്റ്,എയർ ക്ലാരിയേറ്റർ,രണ്ട് ഫ്ളാഷ് മിക്സർ,ക്ലാരി ഫയർഫോക്കലേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ആനക്കുഴിയിലെ പത്തുലക്ഷം ലിറ്റർ ടാങ്ക് നിർമ്മാണം 90ശതമാനത്തോളം പൂർത്തിയാക്കി പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം നിറച്ചു. പാലോട്ടെ മെയിൻ ടാങ്കിനോടനുബന്ധിച്ച് 630കെ.വി, 250കെ.വി എന്നിങ്ങനെയുള്ള രണ്ട് ട്രാൻസ്‌ഫോർമറുകളും ഗാർഹിക ശുദ്ധജല വിതരണത്തിന് പൈപ്പുകളും,80 എച്ച്.പി പമ്പും സ്ഥാപിച്ചാൽ നന്ദിയോട്ടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.