കാലവർഷത്തിന് പിന്നാലെ കായ പൊഴിച്ചിൽ; കമുകുകളെ വിടാതെ കുമിൾരോഗങ്ങൾ

Friday 19 September 2025 9:05 PM IST

നീലേശ്വരം:കനത്ത കാലവർഷത്തിന് പിന്നാലെ കമുക് കർഷകരെ ആശങ്കയിലാക്കി മഹാളി രോഗം പടരുന്നു. മണ്ട ചീയൽ രോഗവും കൂടി വ്യാപകമായതോടെ ഇക്കുറി കനത്ത ഉത്പാദനനഷ്ടം ഉണ്ടാകുമെന്ന ആശങ്കയിലാണ് കർഷകരെല്ലാം. കാലവർഷം കനത്തതിനാൽ കുമിൾരോഗ പ്രതിരോധം സാദ്ധ്യമാകാത്തതാണ് ഇക്കുറി കമുക് തോട്ടങ്ങൾക്ക് തിരിച്ചടിയായത്.

കാസർകോടിന്റെയും കണ്ണൂർ ജില്ലയുടെയും മലയോര മേഖലകളിലും മറ്റ് ചില പ്രദേശങ്ങളിലും രോഗബാധ രൂക്ഷമാണ്. രോഗം ബാധിച്ച കവുങ്ങുകളുടെ പൂങ്കുലകളും പാകമാകാത്ത കായ്കളും ഒന്നനാകെ കൊഴിഞ്ഞുപോവുകയാണ്. കായകൾ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ക്രമേണ അഴുകി നശിക്കുകയും കൊഴിഞ്ഞുവീഴുന്നതുമാണ് രോഗത്തിന്റെ രീതി.

'ഫൈറ്റോഫ്ത്തോറ' എന്ന കുമിളാണ് രോഗകാരണമായി പറയുന്നത്. മഴക്കാലത്തിന്റെ അവസാന നാളുകളിൽ പൂങ്കുലകളിൽ നിന്നും കുമിൾ, ഇലകളുടെ പാള ഒട്ടിനിൽക്കുന്ന തടിയിലേക്കു പ്രവേശിക്കുന്നതോടെയാണ് കമുകിന്റെ മണ്ട ചീയുന്നത്. മരങ്ങളിൽ നിന്ന് മരങ്ങളിലേക്കും മറ്റ് തോട്ടങ്ങളിലേക്കും ഈ രോഗം അതിവേഗം വ്യാപിക്കുന്നുമുണ്ട്.

കമുക് തോട്ടങ്ങളെ സംരക്ഷിക്കാൻ

ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം

കാലവർഷത്തിന് മുമ്പും പിന്നീട് 25 മുതൽ 30 ദിവസം കഴിഞ്ഞും

 രോഗം ബാധിച്ച കമുക് നശിപ്പിക്കുകർ

കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക

 കൊഴിഞ്ഞുപോയ അടക്കകൾ നശിപ്പിച്ചു കളയുക

 കൃഷിയിടത്തിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുക.

 കൊഴിഞ്ഞുപോയ കായ്കളും പൂങ്കുലകളും ശേഖരിച്ച് കത്തിച്ചു നശിപ്പിക്കുകർ

മരുന്ന് തളിയിൽ അറിയാനുണ്ട്

മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ കമുകുകൾക്ക് ബോർഡോ മിശ്രിതം തളിക്കാൻ പാടുള്ളു. രോഗബാധയുള്ള തോട്ടങ്ങളിൽ പൊട്ടാസ്യം ഫോസ്ഫൊണേറ്റ് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ മെറ്റാലാക്സിൽ + മാംഗോസെബ് തളിക്കണം. രോഗ തീവ്രത കൂടുതലാണെങ്കിൽ 15 ദിവസത്തിനു ശേഷം ഇത് ആവർത്തിക്കാം. രണ്ടാഴ്ചയ്ക്കുശേഷം മാംഗോസെബ് 2ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിക്കണം. അല്ലെങ്കിൽ മാൻഡിപ്രൊപമൈഡ് 23.4 SC 1മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തളിക്കണം.

തോട്ടങ്ങളിൽ മണ്ണിന്റെ അമ്ളരസം കുറയ്ക്കാൻ കുമ്മായമോ ഡോളോമൈറ്റ് ചേർത്തുകൊടുക്കണം. ചെടികളുടെ പ്രതിരോധം കൂട്ടുന്നതിനായി പൊട്ടാഷ് വളങ്ങൾ അധികമായി നൽകുന്നത് നന്നായിരിക്കും -കാർഷിക കോളേജ് പ്ലാന്റ് പാത്തോളജി വിഭാഗം അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ.സജീഷ്