സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോയി; പിന്നീട് കാണാതായി, യുവാവിന്റെ മൃതദേഹം തോട്ടില്‍
കോട്ടയം: യുവാവിനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാലായ്ക്ക് സമീപം ളാലത്താണ് സംഭവം. ളാലത്തെ ഒരു തോട്ടിലാണ് പത്തനംതിട്ട വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തില്‍ ജിത്തു റോബി (28) എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളത്തില്‍ പൊങ്ങിക്കിടന്ന, ജീര്‍ണാവസ്ഥയിലുള്ള മൃതദേഹം ഇഞ്ചപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ജിത്തുവിന്റെ ബൈക്ക് പാലാ ബിവറേജസ് ഷോപ്പിന് പിന്നില്‍ തോടിന്റെ തീരത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബൈക്ക് അപകടത്തില്‍ പരിക്കുപറ്റി പാലാ അരുണാപുരത്തെ സ്വകാര്യ ആശുപതിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ കഴിഞ്ഞ 14-ാം തീയതി ജിത്തു എത്തിയിരുന്നു.
രാത്രി ഏഴര മണിയോടെ ആശുപത്രിയില്‍ നിന്ന് മടങ്ങിയ ജിത്തുവിനെ പിന്നിട് കാണാനില്ലായിരുന്നു.പാലാ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലാ ജനറല്‍ ആശുപ്രതി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.