സി.ബി.എൽ : വീയപുരം ജേതാവ്
കുട്ടനാട്: ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) അഞ്ചാം സീസണ് തുടക്കം കുറിച്ചുകൊണ്ട് കൈനകരി പമ്പയാറ്റിൽ നടന്ന വാശിയേറിയ മത്സരത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. മൂന്ന് മിനിറ്റ് 33 സെക്കൻഡ് 34 മൈക്രോസെക്കൻഡിൽ ഫിനിഷ് ചെയ്താണ് പള്ളാതുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനെ പിൻതള്ളി വീയപുരം ഒന്നാമതെത്തിയത്.നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ മൂന്നാംസ്ഥാനം നേടി.വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ മുൻ എം.എൽ.എ സി.കെ സദാശിവൻ അദ്ധ്യക്ഷനായി. ജില്ലാകളക്ടർ അലക്സ് വർഗീസ് സി.ബി.എൽ.സന്ദേശം നല്കി. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ജലജകുമാരി, കൈനകരി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എ പ്രമോദ്, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ മുൻ എം.എൽ.എ കെ.കെ ഷാജു, ആർ. കെ.കുറുപ്പ്, എസ്.എം ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.
വള്ളംകളി വ്യാപകമാക്കും:
മന്ത്രി മുഹമ്മദ് റിയാസ്
അടുത്ത സീസണിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ലോകശ്രദ്ധ പിടിച്ചുപറ്റുമെന്ന് ജലമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
വള്ളംകളിയുടെ സമഗ്രവിവരങ്ങൾ രേഖപ്പെടുത്തിയ സൈറ്റ് വഴി കൂടുതൽ വിദേശ സഞ്ചാരികളെ സി.ബി.എൽ വേദിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനമൊട്ടാകെയുള്ള മത്സരങ്ങളെ കോർത്തിണക്കി വള്ളംകളി കൂടുതൽ വ്യാപകമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.