ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായ 10.86 ലക്ഷം തിരിച്ചുപിടിച്ച് സൈബർ ക്രൈം പൊലീസ്

Saturday 20 September 2025 1:51 AM IST

ആലപ്പുഴ : ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന പേരിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് പ്രതികൾ തട്ടിയെടുത്ത 25.5 ലക്ഷം രൂപയിൽ 10.86 ലക്ഷം ഉടനടി തിരികെ പിടിച്ച് ആലപ്പുഴ സൈബർ ക്രൈം പൊലീസ്. ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിൽ അക്കൗണ്ട് എടുപ്പിക്കുകയും ചെയ്തു. തുടർന്ന് ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പണമയച്ചു കൊടുത്തു. രണ്ടു മാസത്തിനിടയിൽ ഇത്തരത്തിൽ 25.5 ലക്ഷം രൂപയാണ് അയച്ചുകൊടുത്തത്. എന്നാൽ അയച്ചുകൊടുത്ത പണം തന്റെ അക്കൗണ്ടിൽ കാണിക്കാതെ വന്നപ്പോൾ പരാതിക്കാരൻ ഇതേക്കുറിച്ചു അന്വേഷിച്ചപ്പോൾ 28 ലക്ഷം രൂപ കൂടി അയച്ചു തന്നാൽ മുഴുവൻ പണവും ഇരട്ടിയായി തിരികെ നൽകാമെന്ന് അറിയിച്ചതോടെയാണ് പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ പരാതി നൽകി. ജൂലായ് 19ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ്.പി.ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലൂടെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എ.എസ്.ഐ എം. അജയകുമാറിന്റെ നേതൃത്വത്തിൽ പരാതിക്കാരന്റെ പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിച്ചു. തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൻ .രഞ്ജിത് കൃഷ്ണന്റെ ഉത്തരവിലൂടെ പരാതിക്കാരന്റെ പണം തിരികെ നൽകി. കൂടുതൽ തുക വിവിധ ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തി മരവിപ്പിച്ചിട്ടുണ്ട്. ഇത് തിരികെ കിട്ടാനുള്ള കോടതി നടപടികൾ പുരോഗമിക്കുകയുമാണ്. തമിഴ്നാട് തിരുനെൽവേലി, മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ രണ്ടു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.