ഗതാഗതക്കുരുക്കില്ലാത്ത കോഴിക്കോട്
സംസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ റോഡ് വികസനത്തിന്റെ കാര്യത്തിൽ പിന്നാക്കം നിൽക്കുന്ന നഗരമാണ് കോഴിക്കോട്. എന്നാൽ അടുത്തകാലത്ത് അടിസ്ഥാന വികസനരംഗത്ത് വമ്പൻ പദ്ധതികളാണ് കോഴിക്കോടിനെ തേടിയെത്തുന്നത്. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66ന്റെ നിർമ്മാണ ജോലികളും അതിവേഗം പുരോഗമിക്കുകയാണ്. പാത യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. ബൈപ്പാസിന്റെ ഇരുഭാഗങ്ങളിലുമായി പഞ്ചനക്ഷത്ര ഹോട്ടലുകളും ആധുനിക സൗകര്യമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും ഫ്ലാറ്റ് സമുച്ചയങ്ങളുടെയും നിർമ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ പൂളാടികുന്ന് മുതൽ രാമനാട്ടുകര വരെയുള്ള ഭാഗത്ത് ബൈപ്പാസിനെ കേന്ദ്രീകരിച്ചു മറ്റൊരു വികസനമുഖവും രൂപപ്പെടുകയാണ്.
ഈ സാഹചര്യത്തിലാണ് അടുത്ത ഇരുപത്തിയഞ്ച് വർഷം കണക്കാക്കി കോഴിക്കോട് നഗരത്തിന്റെ വികസന ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലും നടക്കുന്നത്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി നഗരത്തിലെ പ്രധാന 12 റോഡുകൾ വികസിപ്പിക്കുകയും പാളയം ഉൾപ്പെടെയുള്ള നഗരത്തിലെ മറ്റുമേഖലകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയുമാണ് ലക്ഷ്യം. പാളയത്തെ കുരുക്കിന് പരിഹാരമായി ഭീമൻ മേൽപ്പാലം വരുന്നതോടെ ഗതാഗതക്കുരുക്കില്ലാത്ത നഗരമായി കോഴിക്കോട് മാറും. ആദ്യഘട്ടത്തിൽ മുതലക്കുളം മുതൽ കല്ലായി പാലം വരെയുള്ള ഭാഗത്ത് 3.2 കിലോമീറ്റർ ദൂരം മേൽപ്പാലം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കും. കേരളത്തിൽ ഭൂമിക്ക് ഏറ്റവും വിലയുള്ള മേഖലയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനത്തിന് ഭൂമിയേറ്റെടുക്കാൻ 400 കോടിയാണ് സർക്കാർ വകയിരുത്തുന്നത്. റോഡ് വികസനം സാദ്ധ്യമാവുന്നതോടെ കല്ലായി റോഡിലെയും മീഞ്ചന്ത മിനി ബൈപ്പാസിലെയും ഗതാഗതത്തിരക്കിനും പരിഹാരമാകും. രണ്ടാംഘട്ടത്തിൽ ഫറോക്ക് വരെയും റോഡ് നിർമ്മാണം നടക്കും.
നിർമ്മാണം അതിവേഗത്തിൽ
നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് അടുത്തവർഷം ജനുവരി ഒന്നിന് തന്നെ തുറന്നുകൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. 5.3 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ 76.90 കോടി ചെലവിൽ വരുന്ന റോഡ് യാഥാർത്ഥ്യമാവുന്നതോടെ വയനാട് റോഡിൽ ഇരുഭാഗത്തേക്കും ഗതാഗതം സാദ്ധ്യമാവും. ഇതോടെ കണ്ണൂർ റോഡിലെ ഗതാഗതക്കുരുക്കിനും പരിഹാരമാവും. നിലവിൽ മാനാഞ്ചിറ മുതൽ ഈസ്റ്റ് നടക്കാവ് വരെ വൺവേയാണ്. വയനാട്, ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെസ്റ്റ് നടക്കാവ് വരെ കണ്ണൂർ റോഡിലൂടെയാണ് പോകുന്നത്. ഈ വാഹനങ്ങളും പുതിയ മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിലൂടെ പോവും. കണ്ണൂർ, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മാത്രം കണ്ണൂർ റോഡിലൂടെ പോവുന്ന സ്ഥിതിവരും. കോൺക്രീറ്റ് ഓവുചാൽ, രണ്ടുമീറ്റർ വീതിയിൽ നടപ്പാത, 22 ക്രോസ് ഡക്റ്റുകൾ, റോഡിന്റെ മദ്ധ്യത്തിൽ രണ്ടുമീറ്റർ വീതിയിൽ പൂന്തോട്ടം, തെരുവ് വിളക്കുകൾ, 21 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ഏഴ് ബസ് ബേ എന്നിവ കൂടാതെ എരഞ്ഞിപ്പാലത്ത് മേൽപ്പാലവും ഉൾപ്പെടുന്നതാണ് റോഡ്.
കുരുക്കിന് പരിഹാരമാകും
നഗരത്തിന്റെ ഹൃദയഭാഗത്തു നിന്ന് തുടങ്ങുന്ന മാനാഞ്ചിറ സി.എസ്.ഐ പള്ളി മുതൽ പാവങ്ങാട് വരെയുള്ള 7.3 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിക്കുന്നതോടെ കണ്ണൂർ റോഡ് പൂർണമായും ഗതാഗതക്കുരുക്കിൽ നിന്ന് മുക്തമാവും. അടുത്തവർഷത്തോടെ കണ്ണൂർ റോഡ് നവീകരണം തുടങ്ങാനാണ് കേരള റോഡ് ഫണ്ട് ബോർഡ് ആലോചിക്കുന്നത്. ഇതിനുള്ള ഭൂമിയേറ്റെടുക്കലും ഉടൻ ആരംഭിക്കും.
ദേശീയപാതയുടെ നിർമ്മാണം സംസ്ഥാനത്തിന്റെ വികസനരംഗത്ത് വൻകുതിച്ചു ചാട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും പറയുന്നത്. പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ അനുബന്ധ റോഡുകളുടെയും പാലങ്ങളുടെയും വികസനവും പൂർത്തിയാക്കാനൊരുങ്ങുകയാണ്. കോഴിക്കോടിന്റെ വികസനത്തിന് ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിക്കുന്നതും നാട്ടുകാരനായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ്.
മറ്റ് പ്രധാനപ്പെട്ട റോഡുകൾ
മാളിക്കടവ്- തണ്ണീർപന്തൽ റോഡ്
അരയിടത്ത് പാലം- അഴകൊടിദേവീക്ഷേത്രം റോഡ്(ചെറൂട്ടി നഗർ)
കോതി പാലം- ചക്കുംകടവ് റോഡ്
പെരിങ്ങളം- മൂഴിക്കൽ റോഡ്
സരോവരത്തിന് മുകളിലൂടെ മിനിബൈപ്പാസ്- പാളാമ്പൂകാഴം റോഡ്
കരിക്കാക്കുളം- സിവിൽസ്റ്റേഷൻ- കോട്ടുളി
മാങ്കാവ്- പൊക്കുന്ന്- പന്തീരങ്കാവ് റോഡ്
കല്ലുത്താൻകടവ്- മീഞ്ചന്ത റോഡ്
പന്നിയങ്കര- പന്തീരാങ്കാവ് റോഡ്
രാമനാട്ടുകര- വട്ടക്കിണർ റോഡ്