നടപ്പാകാതെ മെഡി.കോളേജ് ചുറ്റുമതിൽ നിർമ്മാണം
ആലപ്പുഴ: ഹൈക്കോടതി നൽകിയ സമയപരിധി അവസാനിക്കാറായിട്ടും ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ജൂൺ 24നാണ് കോളേജിലെ വിദ്യാർത്ഥികളുടെ പരാതിയിൽ ചുറ്റുമതിൽ നിർമ്മാണം മൂന്നുമാസത്തിനുള്ളിൽ ആരംഭിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നർദ്ദേശം നൽകിയത്. ഈ 24ന് ഇത് മൂന്നുമാസം പൂർത്തിയാകും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുമ്പ് പൊളിച്ച മതിൽ നിർമ്മിക്കാത്തതുമായി ബന്ധപ്പെട്ട് കോളേജിലെ ആറ് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്.
കേസിൽ ദേശീയ പാത അതോറിട്ടിക്ക് ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇനി ഒന്നും ചെയ്യാനില്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ചുറ്റുമതിലിന്റെ നഷ്ടപരിഹാരമായി 33.5 ലക്ഷം രൂപ നൽകിയിരുന്നു. തുടർന്നാണ് മൂന്നുമാസത്തിനുള്ളിൽ മതിൽ നിർമ്മാണ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിക്കണമെന്ന് കോടതി നിർദ്ദേശിച്ചത്. എസ്റ്റിമേറ്റ് പ്രകാരം ഒരുകോടിയിലധികം രൂപ ചെലവാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ വൈകിയതോടെ പി.ടി.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് നിവേദനവും നൽകിയിരുന്നു.
ഹൈക്കോടതി നിർദ്ദേശവും നടപ്പിലായില്ല
പെൺകുട്ടികൾ ഉൾപ്പടെ 2000 വിദ്യാത്ഥികളുള്ള പത്തിലധികം ഹോസ്റ്റലുകൾ,ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്, പത്തോളജി ലാബ് എന്നിവ ഉൾപ്പടെ സുരക്ഷാഭീഷണിയിലാണ്
മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, പി.പ്രസാദ്, ബാലഗോപാൽ, എം.എൽ.എമാർ എന്നിവർക്ക് പി.ടി.എ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്
അറുപതിലധികം വർഷം പഴക്കമുള്ള ആലപ്പുഴയിലെ ഏക മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രത്തോട് കാണിക്കുന്ന അവഗണനയാണിതെന്ന് ആക്ഷേപമുണ്ട്.
1.23 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി ഡി.എം.ഇ വഴി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയ്യാറാകണം
-ഷാജി വാണിയപ്പുരയ്ക്കൽ,പി.ടി.എ വൈസ് പ്രസിഡന്റ്
ഗവ. ടി.ഡി. മെഡിക്കൽ കോളേജ്