സാംബാൽ അക്രമത്തിൽ ദുബായിലെ അധോലോക നേതാവിന് ബന്ധം: കേസെടുത്ത് യു പി പൊലീസ്,​ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Friday 19 September 2025 10:29 PM IST

ലക്നൗ : ഉത്തർപ്രദേശിലെ സാംബാലിൽ 2024 നവംബറിൽ നടന്ന അക്രമ സംഭവങ്ങളിൽ ദുബായിലെ പ്രാദേശിക ഗുണ്ടാ സംഘ നേതാവ് ഷാരിഖ് സാത്തയ്ക്ക് ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസ്. അക്രമങ്ങളുടെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഷാരിഖ് സാത്ത അക്രമികൾക്ക് ആയുധങ്ങൾ വിതരണം ചെയ്തതായും പൊലീസ് പറഞ്ഞു. ഷാരിഖ് സാത്തയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

2024 നവംബർ 24 ന് ഷാഹി ജുമാ മസ്ജിദിന് സമീപമുണ്ടായ സംഘർഷത്തിൽ 4 പേർ കൊല്ലപ്പെടുകയും പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ സാംബാലിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 12 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ സാത്തയാണ് അക്രമത്തിന്റെ പ്രധാന ആസൂത്രകനെന്നും അക്രമികൾക്കായി ഇദ്ദേഹവും സംഘവും ആയുധങ്ങൾ വിതരണം ചെയ്തിരുന്നതായും വ്യക്തമായി. സാംബാലിലെ ദീപ സരായ് സ്വദേശിയായ സാത്ത,​ദുബായിൽ നിന്നാണ് തന്റെ സംഘത്തെ നിയന്ത്രിക്കുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ സാത്തയുടെ നിർദ്ദേശ പ്രകാരം സംഘാംഗങ്ങൾ ആയുധങ്ങൾ നിർമ്മിച്ച് അക്രമ സമയത്ത് പ്രതിഷേധക്കാർക്കായി നൽകി. കേസുമായി ബന്ധപ്പെട്ട് സാത്തയുടെ മൂന്ന് അനുനായികളെയും അറസ്റ്റു ചെയ്തെന്ന് എസ്.പി കുമാർ പറഞ്ഞു. ഉത്തർപ്രദേശ്,ഡൽഹി,ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി സാത്തക്കെതിരെ 54 ഓളം കേസുകളാണുള്ളത്. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിൽ 12 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും അതിൽ 10 എണ്ണത്തിന്റെ വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.