വിധിപ്രകാരം വേണം രത്നധാരണം
ഗുണഫലങ്ങൾ നല്കുന്നവയാണ് രത്നങ്ങൾ. പക്ഷേ, വിധിപ്രകാരമല്ലാതെ ധരിച്ചാൽ ഗുണഫലത്തോടൊപ്പം അവ ദോഷഫലങ്ങളുമുണ്ടാക്കും. ഇത് ഒഴിവാക്കാൻ പ്രത്യേക അനുഷ്ഠാനങ്ങളോടെ വേണം രത്നധാരണം. മന്ത്രജപം, യന്ത്രപൂജ, ഹോമങ്ങൾ, ദാനങ്ങൾ എന്നിവ നടത്തി നല്ല മുഹൂർത്തത്തിൽ വേണം രത്നങ്ങൾ ധരിക്കേണ്ടത്. ധരിക്കാൻ ഉദ്ദേശിക്കുന്ന ഗ്രഹത്തിന്റെ യന്ത്രം ഒരു ലോഹത്തകിടിൽ വരച്ച് പീഠത്തിൽ വയ്ക്കുന്നതാണ് ആദ്യ കർമ്മം. അതിനുശേഷം അതത് ഗ്രഹത്തെ ധ്യാനിച്ച ശേഷം മൂലമന്ത്രം നൂറ്റിയെട്ട് തവണയെങ്കിലും ജപിക്കണം.
ഇങ്ങനെ യന്ത്രത്തിന് ശക്തി പകർന്നതിനു ശേഷം രത്നംകെട്ടിയ മോതിരം യന്ത്രത്തിനു മുന്നിൽവച്ച് വീണ്ടും ധ്യാനവും മൂലമന്ത്രവും ആവർത്തിക്കണം. പീഠത്തിൽ വിരിക്കുന്ന പട്ട്, രത്നത്തിന്റെ അതേ നിറത്തിലുള്ളതാകണം. അതേ നിറമുള്ള പട്ടിൽ പൊതിഞ്ഞുവേണം രത്നമോതിരം പീഠത്തിൽ വയ്ക്കുന്നതും സൂക്ഷിക്കുന്നതും. മന്ത്രജപംകൊണ്ട് ശക്തി പകർന്ന യന്ത്രം രത്നധാരണത്തിനു ശേഷം, കാലാവധി പൂർത്തിയായാൽ നദിയിൽ ഒഴുക്കുകയോ പൂജാമുറിയിൽ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്. അതിനു മുമ്പ് നമസ്‌കാര മന്ത്രം ജപിച്ച് അതത് രത്നത്തിനു പറഞ്ഞിട്ടുള്ള വിരലിൽ ആവശ്യമെങ്കിൽ പുതിയ രത്നമോതിരം അണിയണം.
രത്നധാരണം ഉപദേശിച്ച ജ്യോതിഷിയോട് അതിന്റെ ഗുണദോഷങ്ങൾ വ്യക്തമായി ചോദിച്ചറിയണം.
വൈദിക വിധിപ്രകാരം മാത്രം രത്നധാരണം നടത്തണം.
രത്നധാരണം നടത്തിയവർ സ്വഭാവ ദൂഷ്യങ്ങൾ ഒഴിവാക്കണം.
ലഗ്നാധിപന്റെ രത്നം പൊതുവെയുള്ള പുരോഗതിക്കും, അഞ്ചാം ഭാവാധിപന്റെ രത്നം അഭീഷ്ട സിദ്ധിക്കും, ഒമ്പതാം ഭാവാധിപന്റെ രത്നം ഭാഗ്യസിദ്ധിക്കും ഉപകരിക്കും.
നിശ്ചിത കാലയളവ് കഴിഞ്ഞാൽ രത്നം മാറി ധരിക്കണം.
രാവിലെയും വൈകിട്ടും രത്നത്തിൽ സ്പർശിച്ച് പ്രാർത്ഥിക്കണം.