പൊതുപ്രവർത്തനം ജീവിതരീതിയാക്കിയ ഡോ. അശോകൻ നാടാല
പൊതുവേദികളുടെയോ നവമാദ്ധ്യമങ്ങളിലെ പബ്ലിസിറ്റിയുടെയോ ആവശ്യമില്ലാതെ സ്വന്തം ജീവിതം തന്നെ സന്ദേശമാക്കുന്നവരിൽ ഒരാളാണ് അശോകൻ നാടാല എന്ന പൊതു പ്രവർത്തകൻ. ഗാന്ധിയനും മഹാത്മാഗാന്ധി ഇന്റർനാഷണൽ മിഷൻ ഫോർ പീസ് ആൻഡ് നോൺവയലൻസ് എന്ന പ്രസ്ഥാനത്തിന്റെ ചെയർമാനുമെന്ന നിലയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിലൂടെയാണ് അശോകൻ നാടാല മലയാളികൾക്ക് പരിചിതനാകുന്നത്. പുതിയ തലമുറയ്ക്ക് പാഠമാകുന്നതും വെളിച്ചമാകാൻ കഴിയുന്ന നാടാലയുടെ ജീവിതരീതി വളരെ വ്യത്യസ്തമാണ്. ഗാന്ധിജിയുടെ സത്യന്വേഷണ പരീക്ഷണങ്ങളെന്ന പോലെ സത്ത് കണ്ടെത്താനുള്ള അന്വേഷണങ്ങളും ഉപവാസവുമാണ് ജീവിതശൈലി. ദിവസം അതിരാവിലെ എഴുന്നേൽക്കുന്നതും പ്രഭാത നടത്തവും യോഗയും മറ്റൊരു ഘടകമാണ്. എന്തുകാര്യം ചെയ്താലും സമയത്തിനുള്ളിൽ ചെയ്തുതീർക്കുക എന്നതും അശോകൻ നാടാലയുടെ രീതിയാണ്. ഒഴിവ് വേളകളിൽ കൂടുതലും ബുക്കുകൾ വായിക്കുക, പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ് കൂടുതൽ താത്പര്യം. പൊതുപ്രവർത്തനത്തിലുള്ള താത്പര്യം കുട്ടിക്കാലത്തേ തുടങ്ങിയ ആവേശമാണ്. അതുകൊണ്ടു തന്നെ മറ്റ് കുട്ടികളിൽ നിന്ന് ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. താൻ പറയാത്ത കാര്യങ്ങൾ മറ്റ് കുട്ടികൾ വളച്ചൊടിച്ചു പറഞ്ഞത് ഇപ്പോൾ ഓർക്കുമ്പോൾ തമാശ ആണെങ്കിലും അന്ന് അത് വേദന നിറഞ്ഞതായിരുന്നെന്ന് അശോകൻ നാടാല പറഞ്ഞു. ചെയ്യുന്ന പ്രവൃത്തിയിൽ വിശ്വാസമുണ്ടെങ്കിൽ അത് തുടർന്നു കൊണ്ടിരിക്കുക, അത് വിജയം കാണുന്നതുവരെ എന്നാണ് അശോകൻ നാടാല പറയുന്നത്. എല്ലാ സത്യങ്ങളും പറയണമെന്നല്ല, പറയുന്നതെല്ലാം സത്യമായിരിക്കണമെന്ന ശൈലി ജീവിതരീതിയാക്കി. കലാലയ രാഷ്ട്രീയത്തിൽ നിന്നും അകന്ന്, തന്റെ വഴി പൊതുസേവനമാണെന്ന് വ്യക്തമായി തിരഞ്ഞെടുത്തു. കൂടുതൽ സമയവും സമൂഹ സേവനമായിരുന്നു ഇഷ്ടം. പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിലായിരുന്നു കൂടുതൽ താല്പര്യം.
പിതാവിന്റെ പാതയിലൂടെ കോൺഗ്രസുകാരനും പഞ്ചായത്ത് അംഗവും പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്ന പിതാവിൽ നിന്നാണ് ഗാന്ധിയൻ ജീവിതരീതിയിലേക്ക് എത്തുന്നത്. അസത്യത്തിന്റെ മാർഗ്ഗം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അർഹതയ്ക്കൊപ്പം മാത്രം നിൽക്കുന്നതും രാഷ്ട്രീയത്തിനും സമ്മർദ്ദങ്ങൾക്കും വഴങ്ങാത്തതുമായ സമീപനം പിതാവിൽ നിന്നാണ് ലഭിച്ചത്.
മഹാത്മാഗാന്ധി ഇന്റർനാഷണൽ മിഷൻ 1981 മുതൽ എല്ലാ വർഷവും ഒക്ടോബർ 2ന് ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നിരുന്ന ഉപവാസയജ്ഞത്തിൽ പങ്കെടുക്കുമായിരുന്നു. ഗാന്ധിയൻമാരായ ഡോ.ജി.രാമചന്ദ്രൻ, പ്രൊഫ.എം.പി.മന്മഥൻ, പ്രൊഫ.ജി.കുമാരപിള്ള, കെ.ജനാർദ്ധൻ നായർ, സുഗതകുമാരി, ജയമോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉപവാസങ്ങൾ ഗാന്ധിയൻ ദർശനങ്ങളിലേക്ക് ആകൃഷ്ടനാക്കി. തിരുവനന്തപുരത്ത് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിയിൽ പ്രവേശിച്ചതോടെ ഗാന്ധി സ്മാരകനിധിയുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. എന്നാൽ, ഗാന്ധി ജയന്തിക്ക് മാത്രം പേരിന് നടക്കുന്ന ചില ചടങ്ങുകളിൽ ആത്മസംതൃപ്തി ലഭിച്ചില്ല. ഗാന്ധിജിയുടെ ചിന്താധാരകളുടെയും ദർശനങ്ങളുടെയും പ്രചാരണത്തിന് തന്റേതായ ഒരു പ്ലാറ്റ്ഫോം തുടങ്ങണമെന്ന ആശയം മനസിലുദിച്ചത്. തുടർന്ന് സമാനമനസ്കരുമായി കൂടിയലോചിച്ച് 2008 ഒക്ടോബർ 2ന് തുടങ്ങിയതാണ് 'മഹാത്മാഗാന്ധി ഇന്റർനാഷണൽ മിഷൻ ഫോർ പീസ് ആൻഡ് നോൺവയലൻസ്' എന്ന സംഘടന. ന്യൂഡൽഹിയാണ് ഇതിന്റെ ആസ്ഥാനമായി വിഭാവനം ചെയ്തിരിക്കുന്നത്. ഡോ.വെള്ളായണി അർജുനൻ, ടി.പി.ശ്രീനിവാസൻ (മുൻ അംബാസിഡർ), ഡോ.ജെ.ഹരീന്ദ്രൻ നായർ (പങ്കജ കസ്തൂരി), റിട്ട. ജഡ്ജി എൻ.ഹരിദാസ്, ഡോ,സുരേഷ് കുമാർ എന്നിവരായിരുന്നു ആദ്യകാല രക്ഷാധികാരികൾ. അന്തരിച്ച തോപ്പിൽ ആന്റണിയാണ് ആദ്യത്തെ സെക്രട്ടറി ജനറൽ. അഡ്വ.മാധവൻ തമ്പി, അഡ്വ.ഹരിപ്രസാദ് എന്നിവർ നിയമോപദേശകരും മുരുക്കുംപുഴ സി.രജേന്ദ്രൻ, എഫ്.എം.ലാസർ, ജെ.എം.റഹീം എന്നിവർ ഉപദേഷ്ടാക്കളുമായിരുന്നു. സത്യം, അഹിംസ, അക്രമരാഹിത്യം, സ്നേഹം, സമാധാനം തുടങ്ങിയ ഗാന്ധിയൻ ദർശനങ്ങളിലൂടെ ഭീകരവാദത്തിനും സമൂഹത്തിലെ മാരകവിപത്തുകളായ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കു മെതിരേ പോരാടാനുമുള്ള പ്രസ്ഥാനമായാണ് മഹാത്മാഗാന്ധി ഇന്റർനാഷണൽ മിഷന് രൂപംനൽകിയത്. കൂടാതെ നിർദ്ധനരായ സ്ത്രീകളെ കണ്ടെത്തി സാമ്പത്തിക സഹായം നൽകുകയുമാണ് ലക്ഷ്യം. കഴിഞ്ഞ പ്രാവശ്യം 2000 രൂപ 12 പേർക്കായി നൽകി. നൽകുന്ന പൈസ അത് വീടുകളിൽ തന്നെ എത്തണമെന്ന് ഉദ്ദേശിച്ചിട്ടുള്ളതിനാൽ പുരുഷന്മാർക്ക് നൽകാറില്ലായിരുന്നു. പിരിവെടുത്തൊന്നുമല്ല ഇത് നൽകുന്നത്. സംഘടനയ്ക്ക് നേരിട്ട് ഫണ്ടില്ലാത്തതിനാൽ സ്വന്തം കൈയിൽ നിന്നും സമാന മനസ്കരായ സ്പോൺസർമാരിൽ നിന്നും മറ്റുമാണ് സഹായങ്ങൾ ചെയ്യുന്നത്.
നിർദ്ധനർക്ക് വീട് മഹാത്മാഗാന്ധി ഇന്റർനാഷണൽ മിഷന്റെയും പുളിയാണിക്കൽ കുടുംബക്ഷേമ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർദ്ധനരായ ഒരു കുടുംബത്തിന് അടച്ചുറപ്പുള്ള വീട് വയ്ക്കാനും പദ്ധതി തുടങ്ങിയിട്ടുണ്ട്. കായംകുളം പുതുപ്പള്ളിയിൽ നിർമ്മിക്കുന്ന വീടിന് 9.5 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. ഇനിയും 5 ലക്ഷം രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു. ചെലവായതിൽ ഒരു ലക്ഷം രൂപ തന്റെ കൈയിൽ നിന്നാണ് മുടക്കിയതെന്നും ഇനിയും ഒരു ലക്ഷം രൂപ കൂടി നൽകുമെന്നും അശോകൻ നാടാല പറഞ്ഞു. ഇത് കൂടുതൽ അർഹരായവർക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമാക്കുന്നത്. അതിനായി 60, 65 വയസ്സ് പ്രായമുള്ളവർ അവരുടെ പെൻഷൻ കിട്ടുന്നതിന്റെ ഒരു ശതമാനമെങ്കിലും പൊതുനന്മയ്ക്കായി മാറ്റിവയ്ക്കണമെന്നാണ് അശോകൻ നാടാല പറയുന്നത്.
കുടുംബത്തിന്റെ പിന്തുണ
എം.എ, പിഎച്ച്.ഡി ബിരുദധാരിയായ അശോകൻ നാടാല, ഇലക്ട്രിസിറ്റി ബോർഡിൽ സീനിയർ സൂപ്രണ്ടും ലെയ്സൺ ഓഫീസറുമൊക്കെയായി വിരമിച്ചതിന് ശേഷം സാമൂഹ്യ സേവനത്തിനായി സ്വയം സമർപ്പിച്ചിരിക്കുകയാണ്. ഈ ജീവിതയാത്രയിൽ ശക്തമായ പിന്തുണയുമായി ഭാര്യ രേഖയും രണ്ട് മക്കളുമുണ്ട്. ക്രൈസ്റ്റ് നഗർ സീനിയർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയാണ് രേഖ. മൂത്തമകൻ അക്ഷയ് അശോക് നിലവിൽ ഇൻഡിഗോ എയർലൈൻസിൽ ക്യാപ്ടനാണ്. ഇളയ മകൻ അനശ്വർ അശോക് പൈലറ്റ് കോഴ്സ് പൂർത്തിയാക്കി നിൽക്കുന്നു. മഹാത്മാഗാന്ധി ഇന്റർനാഷണൽ മിഷൻ ചെയർമാൻ എന്നതിനൊപ്പം അനന്തപുരി ജനകീയ സമിതി ജനറൽ സെക്രട്ടറി, പരിസ്ഥിതി സംസ്ഥാന കമ്മിറ്റി ട്രഷറർ, ശംഖുംമുഖം സംരക്ഷണ സമിതി പ്രസിഡന്റ് എന്നി പദവികളും വഹിക്കുന്നുണ്ട്.