നമുക്കന്യമാകുന്ന നമ്മുടെ മുഖങ്ങൾ
''നമുക്ക് സ്ഥിരമായ ഒരു മുഖമുണ്ടോ? പത്തു മുപ്പതു കൊല്ലങ്ങൾക്ക് മുമ്പ് നിത്യവും നിങ്ങൾ എടുത്ത് താലോലിച്ചിരുന്ന നാലുവയസുകാരനെ അല്ലെങ്കിൽ നാലുവയസുകാരിയെ, പിന്നീട് ഒരിക്കലും കണ്ടിട്ടേയില്ലയെന്ന് വിചാരിക്കുക. ആ കുട്ടിയെ വീണ്ടും യാദൃച്ഛികമായി കണ്ടുയെന്നിരിക്കട്ടെ! സ്വാഭാവികമായും അന്നത്തെ നാലുവയസുണ്ടായിരുന്ന കുട്ടി ഇന്ന് യുവാവോ യുവതിയോ ആയിരിക്കുമല്ലോ? നാലുവയസിലെ മുഖവും, മുപ്പതുകളിലെ മുഖവും തമ്മിൽ എന്തെങ്കിലും സാദൃശ്യമോ, സമാനതകളോ ഉണ്ടാകുമോ? മുപ്പതുകൊല്ലങ്ങൾക്കു മുമ്പുള്ള നിങ്ങളുടെ മുഖവും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ മാറിപോയ വിവരം നിങ്ങൾ എന്നെങ്കിലും കണ്ടിരുന്നോ! ഇനി പറയു, നമുക്ക് സ്ഥിരമായ മുഖമുണ്ടോയെന്ന്? വികാരങ്ങളുടേയും, വികാരങ്ങളെ കൈമാറുന്നതിന്റെയും ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേർക്കണ്ണാടിയാണ് മുഖം. മറ്റ് ജീവികളിൽ നിന്നും വളരെ വ്യത്യസ്തമാണല്ലോ മനുഷ്യമുഖം. തലയ്ക്ക് മുൻവശത്തായാണ് മനുഷ്യനുൾപ്പെടെയുള്ള മിക്കവാറും എല്ലാ ജീവികളുടേയും മുഖം! എന്നാൽ, എല്ലാ ജീവികൾക്കും മുഖമുണ്ടോ? പ്രകൃതിയിൽ നമ്മുടെ കണ്ണെത്താവുന്നിടത്തോളം നോക്കിയിട്ടു പറയു! മിക്ക മൃഗങ്ങളേയും നിറംകൊണ്ടല്ലാതെ, മുഖംകൊണ്ട് തിരിച്ചറിയുവാൻ മനുഷ്യർക്കു കഴിയുമോ? വിദഗ്ദർക്കു കഴിയുമല്ലേ! അപ്പോൾ, വന്യമൃഗങ്ങളേയോ? ചിന്തിക്കാനുണ്ടല്ലേ! മനുഷ്യന്റെ വ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് മുഖമെന്നു പറഞ്ഞാൽ അതിൽ ഇരുപക്ഷമുണ്ടാകുമോ?"" തികച്ചും വ്യത്യസ്തമായൊരു വിഷയം ഇപ്രകാരം അവതരിപ്പിച്ചുകൊണ്ട്, പ്രഭാഷകൻ നോക്കിയപ്പോൾ സദസ്യരിൽ ഒരു അത്ഭുത ഭാവമാണ് കണ്ടത്. പ്രഭാഷകന്റെ തുടർന്നുള്ള വാക്കുകൾക്കായി ഇരിക്കുന്ന സദസ്യരുടെ ക്ഷ മപരീക്ഷിക്കാതെ എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം തുടർന്നു: ''ജനിച്ചനാൾ മുതൽ ഒരിക്കലും നമ്മൾ നേരിട്ടു കണ്ടിട്ടില്ലാത്ത ഒരേയൊരു മുഖം മാത്രമേയുള്ളുയെന്നറിയില്ലേ? ഇനി മരിക്കുന്നനാൾ വരെയും ഒരു ജീവിയും ഒരിക്കലും നേരിട്ടു കാണാൻ കഴിയാതെ പോകുന്നതും സ്വയം ഏറ്റവും ഇഷ്ടപ്പെടുന്ന സ്വന്തം മുഖമല്ലേ! നോക്കണേ, മിക്കജീവികളുടേയും കണ്ണിരിക്കുന്നത് സ്വന്തം മുഖത്താണ്, എന്നാൽ ആർക്കും സ്വന്തം മുഖം കാണാൻ കഴിയില്ല. ശ്രദ്ധിച്ചിരുന്നോ ഈ വിരോധാഭാസം! അതുകൊണ്ടല്ലേ, 'കണ്ണാടികാണ്മോളവും, തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമെത്രയോ വിരൂപന്മാർ" എന്ന് മഹാകവി കുഞ്ചന് പാടേണ്ടിവന്നത്! മുഖം, മനസിന്റെ കണ്ണാടിയെന്നും, ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടയെന്നുമൊക്കെ പറയാറുണ്ടല്ലോ, അല്ലേ? ഒരു വ്യക്തിയെ വേർതിരിക്കുന്ന പ്രധാനഘടകമാണ് മുഖം. മുഖത്തെ കണ്ണിന്റെ, മൂക്കിന്റെ എന്നിവയുടെയെല്ലാം സ്ഥാനം ബയോ മെട്രിക്കൽ ഐഡന്റിഫിക്കേഷനായി കരുതുന്നു, ഇത് ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കുമെന്നും അറിയാമല്ലോ? മുഖത്തിന്റെ അസ്ഥികൾക്കനുസരിച്ചാണ് മുഖത്തിന്റെ ആകൃതി ഉണ്ടാകുന്നത്, അസ്ഥികളുടെ രൂപഘടന അനുസരിച്ച് മുഖവും മാറും. വളർച്ചയോടനുബന്ധിച്ച് മുഖത്തിലും വ്യത്യാസങ്ങളുണ്ടാകുന്നു, അതാണ് ഞാൻ ആദ്യമേ പറഞ്ഞത് കുട്ടികളായിരിക്കുമ്പോളുള്ള മുഖമല്ലല്ലോ, കൗമാരത്തിലൂടെ, യൗവ്വനത്തിലൂടെ വാർദ്ധക്യത്തിലേക്കെത്തുമ്പോൾ മനുഷ്യരുടെ മുഖം! ഓരോ ഘട്ടങ്ങളിലും ആകൃതിയിൽ വ്യത്യാസം വന്നുകൊണ്ടിരിക്കും. എന്തായാലും, ഫേഷ്യൽ സിമട്രിയോ അസിമട്രിയോ മുഖസൗന്ദര്യം ഉണ്ടാക്കുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. അതെന്തെങ്കിലുമാകട്ടെ, സ്വന്തംമുഖം പോലും തിരിച്ചറിയാൻ കഴിയാതെ സ്വന്തം നിലയിൽ, തന്നത്താൻ പോരടിക്കാനിറങ്ങിയിട്ടല്ലേ, ആ മണ്ടന്, കഷ്ടപ്പെട്ടു സമ്പാദിച്ച എല്ലിൻ കഷണം നഷ്ടമായത്! എന്താ, മനസിലായില്ലേ? വിശന്നു വലഞ്ഞ നായയ്ക്ക്, ഒരു എല്ലിൻ കഷണം കിട്ടി. അതും, കടിച്ചു പിടിച്ചുപോകുമ്പോൾ പുഴകടക്കാൻ പാലത്തിൽ കയറിയ നായ, പുഴവെള്ളത്തിൽ സ്വന്തം നിഴൽ കണ്ടു. അത്, മറ്റൊരു നായയെന്നു കരുതി, അരിശത്താൽ സ്വയം മറന്നു. വായ, പൊളിച്ച് കുരച്ചതോടെ കഷ്ടപ്പെട്ടു കിട്ടിയ എല്ലിൻ കഷണം'സ്വാഹ!" ഈ കഥ, വെറും നായക്കഥയല്ല കേട്ടോ, മുഖം നല്ലതല്ലാത്തതിന്, കണ്ണാടിയടിച്ചു പൊട്ടിക്കുന്ന നമ്മളിൽ ചിലരുടെ കഥ കൂടിയാണ് "" സ്വിച്ചിട്ടപോലെ കൂട്ടച്ചിരിയായി മാറിയ സദസിലെ ആരവത്തിൽ പ്രഭാഷകന്റെ ചിരിയും അലിഞ്ഞു ചേർന്നു.