വർക്കല പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് യാഥാർത്ഥ്യമാകുന്നു

Saturday 20 September 2025 12:53 AM IST

വർക്കല: വർക്കലയിൽ ഔദ്യോഗിക അതിഥികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിത താമസസൗകര്യമൊരുക്കി പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ റസ്റ്റ് ഹൗസ് ഒരുങ്ങുന്നു. വർക്കലയാണ് നിലവിൽ സർക്കാർ റസ്റ്റ് ഹൗസ് ഇല്ലാത്ത ഏകമണ്ഡലം. വർക്കല വിനോദസഞ്ചാര മേഖലയിലെ മാറ്റങ്ങൾക്കും വികസനങ്ങൾക്കും പുതിയ മുഖച്ഛായ നൽകുന്ന പദ്ധതികളിൽ പി.ഡബ്ലിയു.ഡി ഗസ്റ്റ് ഹൗസിന്റെ സ്ഥാനം വലുതാണ്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സ്വകാര്യവ്യക്തി വർഷങ്ങളായി കൈവശംവച്ചിരുന്ന ഭൂമി നിയമനടപടികളിലൂടെ തിരിച്ചുപിടിച്ചാണ് റസ്റ്റ് ഹൗസിന്റെ നിർമ്മാണം ആരംഭിച്ചത്. ശീതീകരിച്ചതും അല്ലാത്തതുമായ 40ഓളം മുറികൾ,കോൺഫറൻസ് ഹാൾ,അനുബന്ധ സൗകര്യങ്ങൾ,ശുചിത്വമായ പരിസരം,ശാന്ത അന്തരീക്ഷം എന്നിവയാണ് വർക്കല പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിന്റെ പ്രത്യേകത. ഒഴിവുള്ളപ്പോൾ പൊതുജനങ്ങൾക്കും ഇവിടെ താമസിക്കാനുള്ള അവസരം ലഭിക്കും. അതിനായി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് ഓൺലൈൻ പോർട്ടലിലൂടെയോ ബന്ധപ്പെട്ട വകുപ്പിന്റെ ഓഫീസിലൂടെയോ മുൻകൂട്ടി ബുക്കിംഗ് ചെയ്യാം. 9കോടി രൂപ ചെലവിലാണ് പദ്ധതി. കെട്ടിടത്തിന്റെ 90ശതമാനം ജോലികളും പൂർത്തീകരിച്ചു കഴിഞ്ഞു.

മുഖംമിനുക്കി ഗസ്റ്റ് ഹൗസും

വർക്കല ഗസ്റ്റ് ഹൗസ് നവീകരണവും വികസനവും ഉൾപ്പെടുത്തി 10കോടി രൂപയുടെ പദ്ധതിയാണ് പുരോഗമിക്കുന്നത്. ഒരു റൂം,3 കോട്ടേജുകൾ,2മുറികൾ വീതമുള്ള നാല് കോട്ടേജുകൾ,ഇന്റർ ലോക്കിംഗ്,ഡൈനിംഗ് ഏരിയ,കാർ പോർച്ച്,റിസപ്ഷൻ -വാഷ് ഏരിയ, കിച്ചൺ,സി.സി.ടി.വി,സോളാർ സംവിധാനം,ജനറേറ്റർ സംവിധാനം,പൂന്തോട്ടം എന്നിവയാണ് പദ്ധതിയിലുള്ളത്. കോൺഫറൻസ് ഹാളും നിർമ്മാണത്തിലുണ്ട്.

തൊഴിലവസരങ്ങൾ

ഹോട്ടൽ,റെസ്റ്റോറന്റ്,ഹോം സ്റ്റേ,ട്രാവൽ ഏജൻസി,ആർട്ട് ആൻഡ് ക്രാഫ്റ്റ് ഷോപ്പുകൾ നിരവധി മേഖലകളിൽ തൊഴിലവസരങ്ങളുമുണ്ട്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികളുമായി ഇവിടത്തെ ടൂറിസം വളർച്ചയുടെ പടവുകളിലാണ്.

പ്രതികരണം

റസ്റ്റ് ഹൗസിന്റെ പ്രവർത്തനം വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവേകും.പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതോടൊപ്പം മെഡിക്കൽ ടൂറിസം,യോഗ,വെൽനെസ് കേന്ദ്രങ്ങളും വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.

അഡ്വ.വി.ജോയി, എം.എൽ.എ