അദ്ധ്യാപനത്തോട് നീതി കാട്ടിയവർ കുറയുന്നു: അടൂർ
തിരുവനന്തപുരം: നല്ല ഗുരുശിഷ്യ ബന്ധങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രത അറിയുന്ന ധാരാളം ശിഷ്യന്മാരെ പ്രൊഫ.എൻ.കൃഷ്ണപിള്ളയ്ക്ക് ലഭിച്ചതെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അദ്ധ്യാപനത്തോട് നീതി പുലർത്തിയിരുന്നവരും കുറഞ്ഞുതുടങ്ങി. ശിഷ്യരിലൂടെയാണ് ഗുരുവിന്റെ മഹത്വം അറിയപ്പെടുന്നത്. അത്തരമൊരു മികച്ച അദ്ധ്യാപകനെന്ന മഹത്വമാണ് പ്രൊഫ.എൻ.കൃഷ്ണപിള്ളയ്ക്ക് ലഭിച്ചിട്ടുള്ളതെന്നും അടൂർ പറഞ്ഞു.
പ്രൊഫ.എൻ.കൃഷ്ണപിള്ള കലോത്സവവും ഫൗണ്ടേഷൻ പുസ്തകശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൂന്താനം, ഇരയിമ്മൻ തമ്പി, സ്വാതി തിരുനാൾ എന്നിവരുടെ ഛായാചിത്രങ്ങൾ ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അനാച്ഛാദനം ചെയ്തു. ഡോ.എഴുമറ്റൂർ രാജരാജവർമ്മയുടേതടക്കം 4 പുസ്തകങ്ങളുടെ പ്രകാശനവും പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ 36-ാം വാർഷികോദ്ഘാടനവും മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ നിർവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ, ഡോ.എം.എൻ.രാജൻ, അനന്തപുരം രവി, എസ്.ഗോപിനാഥ്, ജി.വിജയകുമാർ, ജി.ശ്രീറാം, ലീല പണിക്കർ, ബി.സനൽകുമാർ എന്നിവർ സംസാരിച്ചു. കലോത്സവം 22ന് അവസാനിക്കും.