കൈയേറിയിട്ടും നടപടിയില്ലാതെ ഐറ്റിക്കോണത്ത് വാട്ടർ അതോറിട്ടിയുടെ സ്ഥലം കൈയേറി, കുടിവെള്ള പദ്ധതി അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം: പുലയനാർക്കോട്ട ഐറ്റിക്കോണത്ത് 50 ലക്ഷം ലിറ്ററിന്റെ ജലസംഭരണിയും പമ്പ് ഹൗസും നിർമ്മിക്കുന്നതിനുള്ള വാട്ടർ അതോറിട്ടിയുടെ സ്ഥലം കൈയേറിയത് ഒഴിപ്പിക്കാതെ അധികൃതർ. വാട്ടർ അതോറിട്ടി എം.ഡി നൽകിയ പരാതിയിൽ ജില്ലാ ഭരണകൂടവും മെഡിക്കൽ കോളേജ് പൊലീസും നടപടിയെടുത്തില്ല. കൈയേറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമമെന്നും കുടിവെള്ള പദ്ധതി അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലെ 65 സെന്റ് ഭൂമി 40 സെന്റായി കുറഞ്ഞെന്നും ബാക്കിയുള്ള സ്ഥലം കൈയേറിയെന്നുമാണ് എം.ഡി നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഭൂമിയിലിപ്പോൾ അവകാശവാദം ഉന്നയിച്ചവർക്ക് നോട്ടീസ് നൽകിയതായി അധികൃതർ പറഞ്ഞു. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം തഹസിൽദാർ ഭൂമി അളന്നെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല.
കുടിവെള്ള പ്രശ്നം രൂക്ഷം
പുലയനാർകോട്ട,ചെറുവയ്ക്കൽ,മെഡിക്കൽ കോളേജിന് പിൻഭാഗം തുടങ്ങി കുടിവെള്ള പ്രശ്നം രൂക്ഷമായി ബാധിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഐറ്റിക്കോണത്ത് പുതിയ ജലസംഭരണിയും പുതിയ പമ്പ് ഹൗസും സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കിയത്. നിലവിൽ പോങ്ങുംമൂട് സെക്ഷനിൽ നിന്നാണ് ഈ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത്. പോങ്ങുംമൂട് സെക്ഷനിൽ ആവശ്യത്തിനുള്ള ജലലഭ്യതയില്ലെന്ന് വ്യാപകമായ പരാതിയുണ്ട്.
ആശുപത്രികൾക്ക് വെള്ളം വേണം
പുലയനാർകോട്ട ആശുപത്രി,ടി.ബി ആശുപത്രി,ഡയബറ്റിക് സെന്റർ,ഐക്കോൺ,കെയർ ഹോം തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ക്യാൻസർ സെന്റർ കോംപ്ലക്സ് അടക്കമുള്ള സ്ഥാപനങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. ഇത് മുന്നിൽക്കണ്ടാണ് 50 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത്. എന്നാൽ, ഭൂമി കൈയേറ്റം പ്രശ്നമായതോടെ പദ്ധതി മുടങ്ങി.