വാമനപുരത്ത് വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസ് മറിഞ്ഞു

Saturday 20 September 2025 12:02 AM IST

വെഞ്ഞാറമൂട്: വാമനപുരത്ത് വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസ് മറിഞ്ഞു. പരപ്പാറമുകൾ നോബിൾ എൽ.കെ.വി എൽ.പി.എസിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.സ്കൂളിനുവേണ്ടി വാടകയ്ക്ക് ഓടുന്ന ടെമ്പോ വാനാണ് മറിഞ്ഞത്. ഇന്നലെ രാവിലെ 9ഓടെ വാമനപുരം മാവേലി നഗറിൽ സ്കൂൾ ബസ് പിറകിലോട്ട് എടുക്കവെ കരിങ്കൽക്കെട്ടിൽ ഇടിച്ച് മറിയുകയായിരുന്നു.

ധ്യാൻ കൃഷ്ണ(7),അതിഥി(6),അക്ഷിത് നായർ(8),സ്വാദിക്(5),ശ്രീമനേഷ്(8),നൈനിക(5),രൂപേഷ്(6),രുദ്ര(4),മറിയം(6),റയാൻ(4),ശിവതീർത്ഥ(7) എന്നീ വിദ്യാർത്ഥികളും ഡ്രൈവറും ആയയുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വാമനപുരം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ഇവർക്ക് പ്രാഥമിക ചികിത്സ നൽകി വീട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വിദ്യാർത്ഥികളെ കയറ്റിയശേഷം പതിവായി വാഹനം തിരിക്കുന്ന സ്ഥലമായിരുന്നു ഇത്.കരിങ്കൽക്കെട്ടുകളുടെ ബലക്ഷയമാണ് അപകട കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.