യൂസഫലിയെ കാത്ത് ഹെലികോപ്ടർ
വിഴിഞ്ഞം: ഹെലികോപ്ടർ ശബ്ദം കേട്ട് പുറത്തിറങ്ങിയ നാട്ടുകാർ അമ്പരന്നു. താഴ്ന്ന് പറന്ന ഹെലികോപ്ടർ വെങ്ങാനൂർ കല്ലുവെട്ടാൻകുഴി ഭാഗത്തെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിലേക്ക് ലാൻഡ് ചെയ്യുമ്പോഴും നാട്ടുകാർക്ക് കാര്യം പിടികിട്ടിയില്ല. ഏതെങ്കിലും കേന്ദ്രമന്ത്രിമാർക്കായെത്തിച്ച ഹെലികോപ്ടറാണെന്ന് കരുതി കാണാൻ നാട്ടുകാർ കാത്തുനിന്നു.11 മണിയോടെ വെള്ള ആഡംബരക്കാറിലെത്തിയ വി.ഐ.പി കൈവീശി ഹെലികോപ്ടറിലേക്ക് കയറിയപ്പോൾ തടിച്ചുകൂടിയ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള നാട്ടുകാർക്ക് ആശ്ചര്യമായി. ലുലു ഗ്രൂപ്പ് എം.ഡി എം.എ.യൂസഫലിയായിരുന്നു ഹെലികോപ്ടറിൽ കയറിയ വി.ഐ.പി.
കോവളം ലീലാ റാവിസിൽ നടന്ന ബ്ലൂ ടൈഡ്‌സ് കേരള-യൂറോപ്യൻ യൂണിയൻ ദ്വിദിന കോൺക്ലേവിനെത്തിയതായിരുന്നു അദ്ദേഹം. നഗരത്തിൽ നിന്നും കാർ മാർഗം കോവളത്തെത്തിയ ശേഷം മടക്കയാത്രയ്ക്കായി ഹെലികോപ്ടർ എത്തിക്കുകയായിരുന്നു. കോളേജിന് സമീപത്തെ വിശാലഗ്രൗണ്ടിൽ അതീവ രഹസ്യമായായിരുന്നു ഹെലികോപ്ടർ ഇറക്കുന്നതിനുള്ള തയാറെടുപ്പ് നടത്തിയിരുന്നത്. കോളേജ് വിദ്യാർത്ഥികൾ പോലും ഇക്കാര്യം അറിഞ്ഞില്ല. സംസ്ഥാനത്തെ മത്സ്യ സംസ്കരണ മേഖലയിൽ മൂലധനനിക്ഷേപം നടത്തുന്നതിനുള്ള ലുലു ഗ്രൂപ്പിന്റെ താത്പര്യം അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.