സി.പി.ഐ പാർട്ടി കോൺഗ്രസ്: വരുമോ വനിതാ ജനറൽ സെക്രട്ടറി
ന്യൂഡൽഹി: സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിന് വേദിയാകാനൊരുങ്ങി ചണ്ഡിഗഡ്. നാളെ ഉച്ചയ്‌ക്ക് ശേഷം പഞ്ചാബിലെ മൊഹാലി ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോർഡ് പ്രദേശത്ത് നടക്കുന്ന റാലിയോടെയാണ് തുടക്കം. ശതാബ്‌ദി വർഷത്തിൽ പാർട്ടിയെ നയിക്കാൻ പുതിയ നേതാവ് വരുമോയെന്നത് 25-ാം പാർട്ടി കോൺഗ്രസിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
2019 ൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡി. രാജയ്‌ക്ക് 75വയസ് പ്രായ പരിധി പിന്നിട്ടതിനാൽ മാറ്റം വേണമെന്ന് കേരള ഘടകത്തിലെ നേതാക്കളടക്കം വാദിക്കുന്നു. എന്നാൽ പാർട്ടിയുടെ ദളിത് മുഖവും ദേശീയ രാഷ്ട‌്രീയത്തിൽ നിർണായക ബന്ധങ്ങളുമുള്ള രാജയ്‌ക്ക് പാർട്ടി കോൺഗ്രസ് ഇളവു നൽകണമെന്ന വാദവുമുണ്ട്.രാജ മാറുകയാണെങ്കിൽ പരിഗണിക്കേണ്ടവരിൽ മുന്നിൽ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗറും കേരള സെക്രട്ടറി ബിനോയ് വിശ്വവുമാണ്. എന്നാൽ ജനറൽ സെക്രട്ടറിയാകാനില്ലെന്നും കേരളത്തിൽ പ്രവർത്തിക്കാനാണ് താത്‌പര്യമെന്നും ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി അറിയുന്നു. അമർജിത് കൗർ വന്നാൽ പാർട്ടിയുടെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയാകും. പഞ്ചാബ് സ്വദേശിയായ അമർജിത് 25-ാം പാർട്ടി കോൺഗ്രസിന്റെ മുഖ്യ സംഘാടകയുമാണ്.
22ന് മുഖ്യവേദിയായ(സുധാകർ റെഡ്ഡി നഗർ) ചണ്ഡിഗഡ് കിസാൻ ഭവനിൽ ഉദ്ഘാടന സമ്മേളനം, 23, 24 തിയതികളിൽ പ്രതിനിധി ചർച്ചകൾ, 24ന് രാഷ്ട്രീയ, സംഘടനാ കാര്യം ഉൾപ്പെടെയുള്ള കമ്മീഷനുകളിലേക്ക് തിരഞ്ഞെടുപ്പ്, 25ന് ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ്, ദേശീയ കൗൺസിൽ, ദേശീയ എക്‌സിക്യൂട്ടീവ്, ദേശീയ സെക്രട്ടേറിയറ്റ് രൂപീകരണം എന്നിവയോടെ സമാപനം. 22ന് പാലസ്‌തീൻ, ക്യൂബ ഐക്യദാർഡ്യ സെഷനുകളുണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 800ഓളം പ്രതിനിധികൾ പങ്കെടുക്കും.
സി.പി.ഐ സ്ഥാപിച്ചതിന്റെ നൂറാം വാർഷികം ഡിസംബർ 26ന് ഒരു വർഷം നീളുന്ന പരിപാടികളോടെ വിപുലമായി ആഘോഷിക്കാനിരിക്കെയാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. ശക്തി കേന്ദ്രമായ കേരളത്തിൽ അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചകൾക്ക് പാർട്ടി കോൺഗ്രസ് വേദിയാകും. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാർട്ടി കോൺഗ്രസ് .