മുട്ടത്തറ കൗൺസിലറുടെ രാജി: തിരഞ്ഞെടുപ്പ് അടുക്കവെ ഭരണസമിതിയെ വെട്ടിലാക്കി കമ്മീഷൻ വിവാദം

Saturday 20 September 2025 12:33 AM IST

തിരുവനന്തപുരം: റോഡ് കോൺക്രീറ്റിന് കൈക്കൂലി വാങ്ങിയെന്ന സംഭവത്തിൽ,മുട്ടത്തറ കൗൺസിലർ ബി.രാജേന്ദ്രൻ രാജിവയ്ക്കേണ്ടിവന്ന സാഹചര്യം ഭരണസമിതിയെ പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായ പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് നഗരസഭാ ഭരണസമിതി.

ആദ്യമായാണ് കൈക്കൂലിയുമായി ബന്ധപ്പെട്ട് ഈ ഭരണസമിതിയിൽ നിന്ന് കൗൺസിലർ രാജിവയ്ക്കുന്നത്. മേയർ,ഭരണസമിതിയംഗങ്ങൾ എന്നിവർക്കെതിരെ അഴിമതിയാരോപണങ്ങൾ നിരവധിയുണ്ടായെങ്കിലും അത് രാജിയിലേക്ക് നയിച്ചിരുന്നില്ല. സി.പി.എം ജില്ലാസെക്രട്ടറിക്ക് നഗരസഭ മേയറുടെ പേരിലയച്ച കത്തിന്റെ പേരിൽ വിവാദം കത്തിനിന്നെങ്കിലും മേയർ രാജിവച്ചില്ല.എസ്.എ.ടി ആശുപത്രിയിലേക്ക് താത്കാലിക ജീവനക്കാരെ നിയമിക്കാൻ സി.പി.എം ജില്ലാസെക്രട്ടറിക്ക് കത്ത് നൽകിയ കൗൺസിലറായ ഡി.ആർ.അനിൽ,മരാമത്ത് സ്റ്റാൻഡിംഗ് അദ്ധ്യക്ഷ സ്ഥാനം മാത്രമാണ് രാജിവച്ചത്. അന്നൊക്കെ പിടിച്ചുനിന്ന ഭരണസമിതി ഇന്ന് വെട്ടിലായിരിക്കുകയാണ്. ബി.രാജേന്ദ്രനെ പുറത്താക്കി ശുദ്ധികലശം ചെയ്തുവെന്ന് ഭരണസമിതി പറയുന്നുണ്ടെങ്കിലും,പലനാളുകളായുള്ള രാജേന്ദ്രനെതിരെയുള്ള പരാതി എന്തുകൊണ്ട് പാർട്ടിയും ബന്ധപ്പെട്ടവരും അറിഞ്ഞില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.

ആരോപണ വിധേയർ ഏറെ

നഗരസഭയിൽ അഴിമതിയുൾപ്പെടെയുള്ള ആരോപണങ്ങളിൽ കുടുങ്ങിയത് നിരവധിപേരാണ്. ലൈഫ് മിഷനിൽ വീട് നൽകാൻ കൈക്കൂലിയാവശ്യപ്പെട്ടെന്ന് ആരോപിച്ച് കുന്നുകുഴി കൗൺസിലർ മേരി പുഷ്പത്തിനെതിരെ സി.പി.എം ആരോപണമുന്നയിച്ചിരുന്നു. തന്റെ വാർഡിലെ ആനുകൂല്യം ലഭിക്കാൻ പണമാവശ്യപ്പെട്ട് ചിലർ പിരിവ് നടത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റിട്ട പാപ്പനംകോട് വാ‌ർഡ് കൗൺസിലർ രാജിവയ്ക്കണമെന്നും സി.പി.എം ആരോപിച്ചിരുന്നു. ഹരിതകർമ്മസേനയുടെ പണം തിരിമറിയിൽ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി പുന്നയ്ക്കാമുഗൾ കൗൺസിലർ പി.വി.മഞ്ജുവിനെതിരെയും സി.പി.എം രാജിയാവശ്യം ഉന്നയിച്ചിരുന്നു. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചക്കേസിൽ പ്രതിയായ കൗൺസിലർ വി.ജി.ഗിരികുമാറിനെ പുറത്താക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു.

കുടിവെള്ളം വിതരണത്തിനും

അമൃത് പദ്ധതി വഴിയുള്ള സൗജന്യ കുടിവെള്ള കണക്ഷന് ഒരു കുടുംബം 1000 രൂപ നൽകണമെന്നാവശ്യപ്പെട്ടുള്ള, മുട്ടത്തറ കൗൺസിലർ ബി.രാജേന്ദ്രന്റെ സംഭാഷണം പുറത്തായതും വിവാദമായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇത്.കരാറുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വാദം.

ആയുധമാക്കാൻ ബി.ജെ.പി

കൗൺസിലറുടെ രാജി ആയുധമാക്കാനാണ് ബി.ജെ.പി തീരുമാനം.ഇന്നലെ നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു.നഗരസഭയിൽ കാലങ്ങളായി നടക്കുന്ന കാര്യമാണെന്നും,എന്തെങ്കിലും നടക്കണമെങ്കിൽ കൈക്കൂലി കൊടുക്കണമെന്ന അവസ്ഥയായെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് പ്രതികരിച്ചു.എല്ലാ വാർഡുകളിലും ബി.ജെ.പി പ്രതിഷേധ ജ്വാല തെളിക്കും. മേയർ ലണ്ടനിൽ പോയി അവാർഡ് വാങ്ങിയതിലും അഴിമതിയുണ്ട്.വരും മണിക്കൂറുകളിൽ അത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.