മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

Saturday 20 September 2025 12:34 AM IST

കോവളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കോവളത്ത് നടക്കുന്ന ബ്ല്യൂ ഇക്കോണമി കോൺക്ലേവ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധ കരിങ്കൊടി കാണിച്ചത്. ഇന്നലെ രാവിലെ കോവളം ബീച്ച് റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി പത്തോളം പേരാണ് കരിങ്കൊടി കാട്ടിയത്.യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രകടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായതിലും പൊലീസ് സ്‌റ്റേഷനുകളിലെ മൂന്നാം മുറകളിലും പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ.സി.എസ്,ജില്ലാ സെക്രട്ടറി വിഴിഞ്ഞം ഷമീർ,വെങ്ങനൂർ മണ്ഡലം പ്രസിഡന്റ് ശോഭരാജ് എന്നിവരാണ് നേതൃത്വം നൽകിയത്.മൂവരേയും കോവളം പൊലീസ് അറസ്റ്റ് ചെയ്തു.