ഡൽഹി സർവ. യൂണിയൻ തിര: എ.ബി.വി.പിക്ക് മികച്ച ജയം
ന്യൂഡൽഹി: വാശിയേറിയ ഡൽഹി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ എ.ബി.വി.പിക്ക്. എൻ.എസ്.യു.ഐയ്‌ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം മാത്രം. ഇടത് വിദ്യാർത്ഥി സംഘടനകളായ ഐസ-എസ്.എഫ്.ഐ സഖ്യത്തിന്റെ നിറം മങ്ങി. വ്യാഴാഴ്‌ചയായിരുന്നു വോട്ടെടുപ്പ്. 28841 വോട്ട് നേടിയാണ് എ.ബി.വി.പിയുടെ ആര്യൻ മാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൻ.എസ്.യു.ഐ സ്ഥാനാർത്ഥി ജോസ്ലിൻ ചൗധരി 12645ഉം ഐസ-എസ്.എഫ്.ഐ സ്ഥാനാർത്ഥി അഞ്ജലി 5,385ഉം വോട്ടും നേടി.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പിയുടെ കുനാൽ ചൗധരി (23,779 വോട്ട്) എൻ.എസ്.യു.ഐയുടെ കബീർ ഗിർസയെയാണ്(16117വോട്ട്) തോൽപ്പിച്ചത്. എ.ബി.വി.പി വനിതാ നേതാവ് ദീപിക ചൗധരി 21,825 വോട്ട് നേടി ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻ.എസ്.യു.ഐ സ്ഥാനാർത്ഥി ലവ്കുശ് ബധാനയെയാണ്(17,380) തോൽപ്പിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.യു.ഐ സ്ഥാനാർത്ഥി രാഹുൽ ജൻസ്ല 29,339 വോട്ടുകൾ നേടി എ.ബി.വി.പിയുടെ ഗോവിന്ദ് തൻവറിനെ(20,547വോട്ട്) തോൽപ്പിച്ചു.
കോളേജ് വിദ്യാർത്ഥികൾക്ക് മെട്രോ ട്രെയിൻ പാസ് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആര്യൻ മാൻ പറഞ്ഞു. എം.എ ലൈബ്രറി സയൻസ് വിദ്യാർത്ഥിയായ ആര്യൻ ഹരിയാന സ്വദേശിയാണ്.