മൂന്ന് മേൽപ്പാലങ്ങൾക്ക് താഴെ വി പാർക്ക് : വരൂ, മേൽപ്പാലങ്ങൾ താഴെ വിനോദമാകാം !

Saturday 20 September 2025 12:14 AM IST

തൃശൂർ: വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട്, മേൽപ്പാലങ്ങൾക്ക് അടിവശത്ത് സൗന്ദര്യവത്കരണം നടത്തി പൊതുജന സൗഹൃദമാക്കുന്ന വി പാർക്ക് പദ്ധതി തൃശൂരിൽ മൂന്നിടങ്ങളിൽ. വടക്കാഞ്ചേരിയിലെ അത്താണി റെയിൽവേ മേൽപ്പാലം, മുളങ്കുന്നത്തുകാവ് റെയിൽവേ മേൽപ്പാലം, വടക്കാഞ്ചേരി - തൃശൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചെമ്പകശ്ശേരി റെയിൽവേ മേൽപ്പാലം എന്നിവിടങ്ങളിലാണ് വി പാർക്ക്.

സംസ്ഥാനത്താകെ 20 ഇടങ്ങളിൽ വി പാർക്കിനായി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നുണ്ട്. വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ മാതൃകാപരമായ പദ്ധതിയായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് (കെ.ടി.ഐ.എൽ) നോഡൽ ഏജൻസി. തൃശൂരിലെ മൂന്ന് പദ്ധതികൾക്കും ഭരണാനുമതിയും പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സിയും ലഭിച്ചിട്ടുണ്ട്. അത്താണിയിൽ 7.6 ലക്ഷവും മുളങ്കുന്നത്തുകാവിൽ 55.3 ലക്ഷവും ചെമ്പകശ്ശേരിയിൽ 78.7 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

വി പാർക്ക് പദ്ധതി

റെയിൽവേ മേൽപ്പാലങ്ങളുടെ അടിവശത്ത്, മനോഹരമായ നടപ്പാതകൾ, ചിത്രങ്ങൾ വരച്ച സൈഡ് വാളുകൾ, ബാഡ്മിന്റൺ കോർട്ട്, വോളിബാൾ കോർട്ട്, ബെഞ്ചുകൾ ഉൾപ്പെടെയുള്ള ഇരിപ്പിടങ്ങൾ, ആംഫി തിയേറ്റർ, ട്രാഫിക് നിയമങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും കളിയുപകരണങ്ങളും, ഓപ്പൺ ജിം, ക്യാമറകളും മറ്റ് സുരക്ഷാ സജ്ജീകരണങ്ങളും, മനോഹരമായ പുൽത്തകിടികൾ, വെളിച്ച സജ്ജീകരണ സംവിധാനങ്ങൾ, കഫേ, ശൗചാലയങ്ങൾ സജ്ജമാക്കൽ തുടങ്ങിയവ വി പാർക്ക് പദ്ധതിയിലൂടെ നടപ്പാക്കും. ഡി.പി.ആർ പൂർത്തിയായാൽ നിർവഹണ ഏജൻസിയെ ടെൻഡറിലൂടെ നിശ്ചയിക്കും.

അവഗണിക്കപ്പെട്ട് പാഴായിക്കിടന്ന ഇടങ്ങളെ മനോഹരമാക്കി സംരക്ഷിച്ച് വിനോദ ഉപാധികൾക്കുള്ള മേഖലയാക്കി മാറ്റുകയെന്ന നയമാണ് സംരംഭങ്ങൾക്ക് പിന്നിൽ. കൊല്ലത്തെ പൈലറ്റ് പദ്ധതി വൻവിജയമായതോടെയാണ് വി പാർക്ക് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.

മുഹമ്മദ് റിയാസ്

വിനോദ സഞ്ചാരവകുപ്പ് മന്ത്രി.