1299 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍; വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍ കമ്പനികള്‍
സഞ്ചാരികള്‍ക്ക് ആനൂകൂല്യ പെരുമഴയൊരുക്കി കമ്പനികള്‍
കൊച്ചി: ഇത്തവണത്തെ അവധി ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ ആഭ്യന്തര, വിദേശ യാത്രകളില്‍ ആനകൂല്യ പെരുമഴയൊരുക്കി വിമാന കമ്പനികള്‍. നവരാത്രി മുതല്‍ ആരംഭിക്കുന്ന ഉത്സവ കാലത്തിലും ജനുവരിയ്ക്ക് ശേഷമുള്ള വിന്റര്‍ സീസണിലും നിരവധി ഡിസ്‌കൗണ്ട് സ്‌കീമുകളാണ് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അടക്കമുള്ള കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ ഉത്സവ കാലത്തിന് മുന്നോടിയായി ആഭ്യന്തര സെക്ടറില്‍ 1,299 രൂപ മുതലും രാജ്യാന്തര സെക്ടറില്‍ 4,599 രൂപ മുതലുമുള്ള ടിക്കറ്റുകളോടെ ഗ്രാന്‍ഡ് റണ്‍വേ ഫെസ്റ്റിന് തുടക്കമിട്ടു.
ബുക്ക് ഡയറക്ട് എന്ന പേരില്‍ പുതിയ പ്രചാരണമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചത്. ഈ സ്‌കീമില്‍ എയര്‍ലൈനിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, എയര്‍പോര്‍ട്ട് കൗണ്ടര്‍ എന്നിവിടങ്ങളിലൂടെ നേരിട്ട് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. പ്രാദേശിക എയര്‍ലൈനായ ഫ്‌ളൈ91സെപ്തംബറിലെ എല്ലാ ബുക്കിംഗുകള്‍ക്കും കണ്‍വീനിയന്‍സ് ഫീ ഒഴിവാക്കി. ഇന്ത്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ എമിറേറ്റ്സ് അടക്കമുള്ള രാജ്യാന്തര കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രീമിയം ക്‌ളാസില്‍ ജി.എസ്.ടി കൂടും
ജി.എസ്.ടി പരിഷ്‌കരണം നിലവില്‍ വരുന്ന സെപ്തംബര്‍ 22 മുതല്‍ പ്രീമിയം, ബിസിനസ് ക്‌ളാസ് എന്നിവയില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ നിരക്ക് കൂടും. അതേസമയം ഇക്കണോമി ക്‌ളാസില്‍ നികുതി അഞ്ച് ശതമാനത്തില്‍ തുടരും. സെപ്തംബര്‍ 22ന് മുന്‍പ് ബിസിനസ് ക്‌ളാസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ജി.എസ്.ടി 12 ശതമാനമാണ്. പരിഷ്‌കരണത്തിന് ശേഷം ജി.എസ്.ടി 18 ശതമാനമായി ഉയരും.
ഇന്‍ഡിഗോ ഗ്രാന്‍ഡ് റണ്‍വേ ഫെസ്റ്റ്
ആഭ്യന്തര യാത്രകള്‍ക്ക് 1,299 രൂപ മുതലും രാജ്യാന്തര യാത്രകളില്‍ 4,599 രൂപ മുതലും ടിക്കറ്റ് ബുക്ക് ചെയ്യാം. അടുത്ത വര്‍ഷം ജനുവരി 7 മുതല്‍ മാര്‍ച്ച് 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് ലഭ്യമാക്കുന്നത്. ദുബായ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് പ്രൊമോഷല്‍ നിരക്കുകള്‍ ലഭ്യമാകും.
എയര്‍ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ്സെയില്‍
ആഭ്യന്തര യാത്രകള്‍ക്ക് 1,449 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. രാജ്യാന്തര സെക്ടറില്‍ 4,362 രൂപ മുതലാണ് ടിക്കറ്റുകള്‍. കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കില്ല.
എമിറേറ്റ്സ്
16 മുതല്‍ 31 വയസ് വരെ പ്രായമുള്ള യാത്രക്കാര്‍ക്ക് STUDENT എന്ന പ്രൊമോകോഡ് ഉപയോഗിച്ചാല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും. സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് ബാധകം.