തുടർച്ചയായി യോഗങ്ങളിൽ പങ്കെടുത്തില്ല,​ പാലാ നഗരസഭ 13-ാം വാർഡ് കൗൺസിലറെ അയോഗ്യയാക്കി

Saturday 20 September 2025 12:38 AM IST

പാലാ: തുടർച്ചയായി നഗരസഭാ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന പാലാ നഗരസഭാ 13-ാം വാർഡ് കൗൺസിലറും മരാമത്തുകാര്യ സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്‌സണുമായ സന്ധ്യ ആർ.നെ കൗൺസിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി. ഇന്നലെ ചേർന്ന കൗൺസിൽ യോഗം സന്ധ്യയെ അയോഗ്യയാക്കിയത് അംഗീകരിച്ചു. കേരള മുനിസിപ്പാലി​റ്റി ആക്ട് 1994 വകുപ്പ് 91 (കെ) പ്റകാരമാണ് അയോഗ്യയാക്കിയിട്ടുള്ളത്.

വ്യക്തിപരമായ ആവശ്യത്തിന് വിദേശത്ത് പോകുന്നതിനാൽ 2024 സെപ്‌തംബർ 4 മുതൽ 2024 ഡിസംബർ 4 വരെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സന്ധ്യ അവധിയപേക്ഷ സമർപ്പിച്ചിരുന്നു. 2024 സെപ്‌തംബർ 10ന് ചേർന്ന നഗരസഭാ കൗൺസിലിന്റെ രണ്ടാം നമ്പർ അഡീഷണൽ അജണ്ട തീരുമാന പ്റകാരം സന്ധ്യയ്‌ക്ക് അവധി അനുവദിച്ചും ആ വാർഡിലെ ചുമതലകൾ നിർവഹിക്കുന്നതിന് ചെയർമാനെ ഏല്പിച്ചുകൊണ്ടും തീരുമാനം എടുത്തിരുന്നു. പിന്നീട് സന്ധ്യ വീണ്ടും അവധിക്കപേക്ഷിച്ചു. എന്നാൽ 2025 മേയ് 30ന് ശേഷം നടന്ന നഗരസഭാ കൗൺസിൽ മീ​റ്റിംഗുകളിലും മരാമത്ത് സ്​റ്റാൻഡിംഗ് കമ്മ​റ്റി യോഗങ്ങളിലും പങ്കെടുക്കുന്നതിന് അറിയിപ്പ് നൽകിയെങ്കിലും സന്ധ്യ പങ്കെടുത്തില്ല. ഇതോടെയാണ് തുടർച്ചയായി മൂന്ന് മാസക്കാലം മുനിസിപ്പാലി​റ്റിയുടെ അനുവാദമില്ലാതെ ഹാജരാകാത്തതിനാൽ സന്ധ്യയെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കിയത്.13-ാം വാർഡിലെ കൗൺസിലറുടെ ഒഴിവ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യോഗത്തിൽ ചെയർമാൻ അറിയിച്ചു.