രാത്രിയിലെ ഓപ്പറേഷൻ സിന്ദൂർ സാധാരണക്കാരെ ഒഴിവാക്കാൻ: ജനറൽ ചൗഹാൻ
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി മേയ് 7 ന് ഓപ്പറേഷൻ സിന്ദൂർ പുലർച്ചെ ഒരു മണിക്ക് നടത്തിയത് സാധാരണക്കാരെ ഒഴിവാക്കാനെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. 2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിൽ നിന്ന് വ്യത്യസ്തമായി ,ഉപഗ്രഹ ചിത്രങ്ങൾ ഇല്ലാതിരുന്നിട്ടും ഇരുട്ടിൽ ലക്ഷ്യങ്ങൾ കണ്ടെത്താമെന്ന സേനയുടെ ആത്മവിശ്വാസം അതിന് തുണയായി.
ഓപ്പറേഷന് ഉചിതമായ രാവിലെ 5.30നും 6 മണിക്കും ഇടയിൽ മുസ്ലിം നമസ്‌കാര സമയമായതിനാൽ സാധാരണക്കാരുടെ ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ളത് കണക്കിലെടുത്തു.. ഒരുമണിക്ക് ഇരുട്ടിൽ ലക്ഷ്യങ്ങൾ കണ്ടെത്തൽ ദുഷ്‌കരമായിരുന്നെങ്കിലും സൈന്യത്തിന്റെ കഴിവിൽ ആത്മവിശ്വാസമുണ്ടായിരുന്നു.ഓപ്പറേഷൻ സിന്ദൂർ യുദ്ധങ്ങളുടെ പുതിയ അദ്ധ്യായം തുറന്നുവെന്നും ജനറൽ ചൗഹാൻ ചൂണ്ടിക്കാട്ടി. പരമ്പരാഗത യുദ്ധത്തിൽ നിന്ന് വ്യത്യസ്തമായി, കര, വായു, കടൽ, വൈദ്യുതകാന്തിക തലം, സൈബർ മേഖലകളുടെ ഏകോപനം കണ്ടു. ശത്രു ലക്ഷ്യങ്ങൾ ഉപഗ്രഹ, ഇലക്ട്രോണിക് ചിത്രങ്ങൾ, സിഗ്നൽ ഇന്റലിജൻസ് സഹായത്തോടെയാണ് ഉറപ്പാക്കിയത്.പരമ്പരാഗത യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളും നശിപ്പിച്ച ഉപകരണങ്ങളും തടവിലായ യുദ്ധത്തടവുകാരും കൊന്ന സൈനികരുടെ എണ്ണവുമൊക്കെയാണ് വിജയം അനുമാനിച്ചിരുന്നത്. ആധുനിക യുദ്ധത്തെ സാങ്കേതികവിദ്യയാണ് നയിക്കുന്നത്. യുദ്ധരംഗം ഇനി കര, വായു, കടൽ എന്നീ പരമ്പരാഗത മേഖലകളിൽ മാത്രം ഒതുങ്ങില്ല, ബഹിരാകാശം, സൈബർ, വൈദ്യുതകാന്തിക സ്പെക്ട്രം, വൈജ്ഞാനിക മേഖല എന്നിവയുടെ ഏകോപനമുണ്ടാകും.ദീർഘദൂര ലക്ഷ്യങ്ങളിലെ കൃത്യമായ ആക്രമണങ്ങളായിരുന്നു രാത്രിയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ പ്രത്യേകത. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണവും പുതുമയായി.