ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ അഞ്ചുവർഷത്തിലേറെയായി തീഹാർ ജയിലിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഇന്നലെ ഹർജി പരിഗണിച്ചയുടൻ തന്നെ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് 22ലേക്ക് മാറ്റുകയായിരുന്നു. ഗൂഢാലോചന കേസിലെ മറ്റു പ്രതികളായ ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ തുടങ്ങിയ ആക്ടിവിസ്റ്റുകളുടെയും ജാമ്യാപേക്ഷകൾ അന്ന് പരിഗണിക്കും. 12ന് കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും വാദം കേട്ടില്ല. പുലർച്ചെ 2.30നാണ് കേസ് ഫയലുകൾ ലഭിച്ചതെന്നും പരിശോധിക്കാൻ സമയം ലഭിച്ചില്ലെന്നുമാണ് കോടതി അന്ന് പറഞ്ഞത്. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. 2020 സെപ്തംബർ 14നാണ് ഉമർ അറസ്റ്റിലായത്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരത്തിൽ സജീവമായിരുന്ന ആക്ടിവിസ്റ്റുകളും ചില സംഘടനകളും ചേർന്ന് ഗൂഢാലോചന നടത്തി കലാപത്തിന് കളമൊരുക്കിയെന്നാണ് ഡൽഹി പൊലീസിന്റെ കേസ്.