ഗാസയിൽ ദുരിതം: യു.എന്നിൽ വീണ്ടും യു.എസ് വീറ്റോ
ടെൽ അവീവ്: ഗാസയിലെ ജനങ്ങൾ യുദ്ധത്തിനും പട്ടിണിയ്ക്കും നടുവിൽ ദുരിതമനുഭവിക്കവെ, അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെടുന്ന കരട് പ്രമേയത്തിന് ആറാം തവണയും ഐക്യരാഷ്ട്ര സഭ (യു.എൻ) രക്ഷാ സമിതിയിൽ വീറ്റോ പ്രയോഗിച്ച് യു.എസ്.
ഗാസയിൽ സ്ഥിര വെടിനിറുത്തൽ നടപ്പാക്കണമെന്നും സഹായ വിതരണത്തിന് ഇസ്രയേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തെ സമിതിയിലെ മറ്റ് 14 അംഗങ്ങളും പിന്തുണച്ചു. ഹമാസിന്റെ പിടിയിലുള്ള മുഴുവൻ ബന്ദികളെയും മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
എന്നാൽ, ഗാസയിൽ യുദ്ധം തുടങ്ങിയതും തുടരുന്നതും ഹമാസാണെന്നും വെടിനിറുത്തൽ നിർദ്ദേശം ഇസ്രയേൽ അംഗീകരിച്ചെങ്കിലും ഹമാസ് തള്ളുകയാണെന്നും യു.എസ് ആരോപിച്ചു. ഹമാസ് ബന്ദികളെ മോചിപ്പിച്ചാൽ യുദ്ധം ഇന്ന് അവസാനിക്കുമെന്നും യു.എസ് വാദിച്ചു.
അതേസമയം, ഇസ്രയേൽ കരയാക്രമണം തുടരുന്ന ഗാസ സിറ്റിയിൽ നിന്ന് ജനങ്ങൾ ജീവനുംകൊണ്ട് തെക്കൻ പ്രദേശങ്ങളിലേക്ക് പലായനം തുടരുകയാണ്. നഗരത്തിൽ നിന്ന് ജനങ്ങൾക്ക് ഒഴിയാൻ ഇസ്രയേൽ അനുവദിച്ചിരുന്ന സമയം ഇന്നലെ ഉച്ചയ്ക്ക് അവസാനിച്ചിരുന്നു. എന്നാൽ, കരയുദ്ധത്തിന്റെ രൂക്ഷഘട്ടം ഉടനുണ്ടാകുമെന്നും അൽ-റഷീദ് റോഡ് വഴി തെക്കൻ ഗാസയിലേക്ക് എത്രയും വേഗം രക്ഷപെടണമെന്നും ഇസ്രയേൽ അറിയിച്ചു. തെക്കൻ ഗാസയിലേക്കുള്ള സലാഹുദ്ദീൻ റോഡ് ഇസ്രയേൽ അടച്ചതിനാൽ ഭീമമായ ഗതാഗത കുരുക്കാണ് അൽ-റഷീദ് റോഡിൽ. ആക്രമണങ്ങൾ തുടരുന്നതും വെല്ലുവിളിയാണ്.
രണ്ട് ദിശകളിൽ നിന്ന് കാലാൾപ്പടയും പീരങ്കികളും ഗാസ സിറ്റിയുടെ മദ്ധ്യ ഭാഗത്തേക്കാണ് നീക്കം. വ്യോമാക്രമണങ്ങൾക്കൊപ്പം റിമോട്ട് കൺട്രോൾഡ് റോബോട്ടുകൾ വഴിയും ഇവിടെ സ്ഫോടനങ്ങൾ നടത്തുന്നു.
# ഹമാസ് നേതാവിനെ വധിച്ചു
ഹമാസിന്റെ ബുറെയ്ജ് ബറ്റാലിയനിലെ ഇന്റലിജൻസ് ഉപമേധാവി മഹ്‌മൂദ് യൂസഫ് അബു അൽഖീറിനെ ഇസ്രയേൽ വധിച്ചു
തെക്കൻ ഗാസയിലെ റാഫയിലുണ്ടായ സ്ഫോടനത്തിൽ 4 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു
ഖാൻ യൂനിസിൽ അഭയാർത്ഥി ടെന്റുകൾക്ക് നേരെ ഇസ്രയേലിന്റെ ബോംബാക്രമണം. 2 കുട്ടികൾ കൊല്ലപ്പെട്ടു
ഇന്നലെ മാത്രം ഗാസയിൽ 36 മരണം. ആകെ മരണം 65,160 കടന്നു
24 മണിക്കൂറിനിടെ നാല് പേർ കൂടി മരിച്ചതോടെ പട്ടിണി മരണം 440 ആയി
ഇതിനിടെ, തെക്കൻ ലെബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
-----
സെപ്തംബർ ആദ്യം മുതൽ ഗാസ സിറ്റിവിട്ടവർ - 3,50,000
ശേഷിക്കുന്നവർ - 6,00,000
-----
# പാലസ്‌തീനെ അംഗീകരിക്കണം:
യു.എസ് സെനറ്റർമാർ
പാലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് കാട്ടിയുള്ള പ്രമേയവുമായി യു.എസിലെ ഏതാനും ഡെമോക്രാറ്റിക് സെനറ്റർമാർ രംഗത്ത്. സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. അതിനാൽ പ്രമേയം പാസായേക്കില്ല.
# ഹൂതികൾക്ക് മുന്നറിയിപ്പ്
യെമനിലെ ഹൂതി വിമത നേതാവ് അബ്ദുൾ മാലിക് അൽ ഹൂതിയെ നരകത്തിന്റെ ആഴങ്ങളിലേക്ക് പറഞ്ഞയക്കുമെന്നും ഹൂതികളെ ഇല്ലാതാക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ തെക്കൻ ഇസ്രയേലിലെ ഏയ്‌ലറ്റിലെ ഒരു ഹോട്ടലിൽ പതിച്ചതിന് പിന്നാലെയാണ് പ്രതികരണം. ആളപായമില്ല.