എസ്റ്റോണിയൻ വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ യുദ്ധവിമാനങ്ങൾ
Saturday 20 September 2025 7:30 AM IST
ടാലിൻ: എസ്റ്റോണിയയുടെ വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ യുദ്ധവിമാനങ്ങൾ. റഷ്യയുടെ മൂന്ന് മിഗ് 31 യുദ്ധവിമാനങ്ങളാണ് എസ്റ്റോണിയൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചത്. 12 മിനിറ്റോളം വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ തുടർന്നതായി എസ്റ്റോണിയ പറഞ്ഞു. പിന്നാലെ ഇറ്റലി, ഫിൻലൻഡ്, സ്വീഡൻ എന്നിവരുടെ നേതൃത്വത്തിലെ നാറ്റോ സുരക്ഷാ സംഘത്തിലെ യുദ്ധവിമാനങ്ങൾ മേഖലയിലെത്തി റഷ്യൻ വിമാനങ്ങൾ വ്യോമാതിർത്തിക്ക് പുറത്തുകടന്നതായി ഉറപ്പാക്കി. അതേ സമയം, വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണം റഷ്യ തള്ളി. റഷ്യക്കെതിരെ എസ്റ്റോണിയയും നാറ്റോയും രംഗത്തെത്തി. അടുത്തിടെ പോളണ്ട്, റൊമേനിയ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യോമാതിർത്തി ലംഘിച്ച 4 റഷ്യൻ ഡ്രോണുകൾ പോളണ്ട് വെടിവച്ച് വീഴ്ത്തിയിരുന്നു.