ഇന്ത്യക്കാർക്കുൾപ്പെടെ തിരിച്ചടി; എച്ച്‌1ബി വിസ അപേക്ഷയ്‌ക്കുള്ള ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തി ട്രംപ്

Saturday 20 September 2025 8:37 AM IST

വാഷിംഗ്‌ടൺ: എച്ച്‌1ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുഎസ്. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് (ഏകദേശം 90 ലക്ഷംരൂപ) ഏർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഉയർന്ന വൈദഗ്‌ദ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്നത് പ്രധാനമായും എച്ച്1ബി വിസയാണ്. ഇന്ത്യയിൽ നിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

യുഎസ് പൗരന്മാരെയും സ്ഥിരതാമസക്കാരെയുംകൊണ്ട് നികത്താൻ പ്രയാസമുള്ള ഉയർന്ന വൈദഗ്‌ദ്ധ്യമുള്ള ജോലികൾക്കായി മികച്ച വിദേശികളെ കൊണ്ടുവരാനാണ് എച്ച്1ബി വിസകളിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നീക്കത്തെ ടെക് വ്യവസായം എതിർക്കില്ലെന്ന് ട്രംപ് പറഞ്ഞു. അവർ വളരെ സന്തോഷത്തിലായിരിക്കുമെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കമ്പനികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട്. ഈ പ്രഖ്യാപനം അമേരിക്കയ്‌ക്ക് നല്ല തൊഴിലാളികളെ ലഭിക്കുമെന്ന് ഉറപ്പാക്കും’ - ട്രംപ് പറഞ്ഞു.